ട്രെയിനിന്റെ ബാത്ത് റൂമിൽ യാത്രക്കാരൻ അബോധാവസ്ഥയിലായി; വാതിൽ പൊളിച്ച് രക്ഷിച്ചു
Friday, September 15, 2023 3:59 PM IST
കൊല്ലം: ട്രെയിന്റെ ബാത്ത് റൂമിൽ കയറിയ യാത്രക്കാരൻ അബോധാവസ്ഥയിലായി. മറ്റ് യാത്രക്കാർ വിവരം അറിയിച്ചതനുസരിച്ച് റെയിൽവേ പോലീസും ആർപിഎഫും ചേർന്ന് ബാത്ത് റൂമിന്റെ വാതിൽ പൊളിച്ച് അവശ നിലയിലായ യാത്രക്കാരനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു.
നാഗർകോവിൽ - മംഗലാപുരം പരശുറാം എക്സ്പ്രസ് രാവിലെ കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. എൻജിന് പുറകിലുള്ള ജനറൽ കമ്പാർട്ട്മെന്റിലെ ബാത്ത് റൂമിൽ കയറാൻ മറ്റ് യാത്രികർ ശ്രമിച്ചപ്പോൾ നടന്നില്ല. വാതിലിൽ നിരന്തരം മുട്ടി വിളിച്ചിട്ടും മറുപടി ഉണ്ടായില്ല.
വാതിൽ അകത്ത് നിന്ന് കുറ്റി ഇട്ടിരിക്കുന്നതായി മനസിലാക്കിയ യാത്രക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വാതിലിൽ തട്ടിയിട്ടും പ്രതികരണം ഉണ്ടായില്ല. വാതിൽ തുറക്കാനും സാധിച്ചില്ല.
തുടർന്നാണ് വാതിൽ പൊളിച്ചത്. ഉള്ളിൽ അബോധാവസ്ഥയിൽ കിടന്ന യാത്രികനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പരശുറാം എക്സ്പ്രസ് 25 മിനിറ്റ് കായംകുളത്ത് പിടിച്ചിട്ടു.