രാഹുൽ നവീൻ ഇഡിയുടെ പുതിയ മേധാവി
Friday, September 15, 2023 10:16 PM IST
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഇടക്കാല ഡയറക്ടറായി രാഹുൽ നവീനെ നിയമിച്ച് കേന്ദ്ര സർക്കാർ. 1993 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണ് രാഹുൽ നവീൻ.
ആദായനികുതി വിഭാഗത്തിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ഇഡി ഹെഡ്ക്വാർട്ടേഴ്സ് വിജിലൻസ് മേധാവിയായും പ്രവർത്തിക്കും. ബിഹാർ സ്വദേശിയാണ് രാഹുൽ നവീൻ.
2018 ൽ ഇഡി മേധാവിയായ സഞ്ജയ് കുമാർ മിശ്രയെ അടുത്ത വർഷം വരെ പദവിയിൽ നിലനിർത്താനുള്ള കേന്ദ്രത്തിന്റെ ശ്രമം സുപ്രീം കോടതി തടഞ്ഞിരുന്നു. കഴിഞ്ഞ മേയിൽ മിശ്രയുടെ സേവനകാലാവധി നീട്ടിനൽകണമെന്ന കേന്ദ്രത്തിന്റെ അഭ്യർഥന തള്ളിയ സുപ്രീം കോടതി സെപ്റ്റംബർ 15ന് അദ്ദേഹം വിരമിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ആക്ടിംഗ് ഡയറക്ടറെ നിയമിച്ചത്.