ന്യൂഡല്‍ഹി: മറ്റൊരു ലോക്‌സഭാ തെരഞ്ഞെടുപ്പിന് കൂടി രാജ്യം സാക്ഷിയാകാനൊരുങ്ങുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 73ാം ജന്മദിനം വിപുലമായി ആഘോഷിക്കാനുള്ള നീക്കത്തിലാണ് ബിജെപി നേതൃത്വവും വിവിധ മന്ത്രാലയങ്ങളും. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന സേവന പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് വരെ തുടര്‍പരിപാടികളുണ്ടാകും. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ പദ്ധതികളെ പറ്റി ബോധവത്കരണം, സാമൂഹിക സേവനവുമായി ബന്ധപ്പെട്ട പരിപാടികള്‍, വൃക്ഷത്തൈ നടല്‍, ശുചീകരണം, രക്തദാനം എന്നിവയടക്കമുള്ള പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 30,000 ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ ഗുജറാത്ത് ബിജെപി നേതൃത്വം തീരുമാനിച്ചു. സൂറത്തില്‍ അമൃതം എന്ന സര്‍ക്കാര്‍ ഇതര സംഘടന മുലപ്പാല്‍ദാന ക്യാമ്പ് സംഘടിപ്പിക്കും.

140 അമ്മമാരരില്‍ നിന്നായി മുലപ്പാല്‍ ശേഖരിച്ച് ആശുപത്രിയിലെ മുലപ്പാല്‍ ബാങ്കിലേക്ക് നല്‍കുന്ന പദ്ധതിയാണിത്. ഇന്ന് വിശ്വകര്‍മ്മ ദിനം കൂടിയായതിനാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വിശ്വകര്‍മ കൗശല്‍ യോജന പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന് നടത്തും.

1950 സെപ്റ്റംബര്‍ ഏഴിന് ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ആറു മക്കളില്‍ മൂന്നാമനായാണ് മോദിയുടെ ജനനം. രണ്ട് തവണ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയ അദ്ദേഹം ജി20 ഉച്ചകോടി ഉള്‍പ്പടെ നടത്തി ആഗോളതലത്തില്‍ വീണ്ടും ശ്രദ്ധ നേടിയിരിക്കുകയാണ്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുക എന്ന ഭാരിച്ച ചുമതലയാണ് അദ്ദേഹത്തിന് മുന്നില്‍ ഇപ്പോഴുള്ള വെല്ലുവിളി. 2002ലെ ഗുജറാത്ത് കലാപം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ അദ്ദേഹത്തിന് നേരെയുണ്ടായ ആരോപണങ്ങൾ വാർത്തകളിൽ നിറഞ്ഞിരുന്നു.

എന്നാല്‍ പ്രതിസന്ധികളെ അതിജീവിച്ച് രാജ്യത്തിന്‍റെ ഉന്നത സ്ഥാനത്തേക്ക് അദ്ദേഹം കരുത്താര്‍ജ്ജിച്ച് എത്തുകയായിരുന്നു. ഇക്കാലയളവിനിടയിൽ ആഗോളതലത്തില്‍ ഏറെ സ്വീകാര്യനായ ഭരണാധികാരിയാകാനും അദ്ദേഹത്തിന് സാധിച്ചു.