ബറേലി: യുപിയില്‍ ഭൂമി കയ്യേറ്റം സംബന്ധിച്ച് പരാതി പറയാന്‍ വന്ന വ്യക്തിയെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോഴിയെപ്പോലെ നിലത്തിരുത്തിയെന്ന് പരാതി. ബറേലിയില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ എക്‌സില്‍ വന്നിരുന്നു. പിന്നാലെ ബറേലിയിലെ മിര്‍ഗഞ്ച് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉദിത് പവാറിനെ ആ സ്ഥാനത്ത് നിന്നും നീക്കി.

ശ്മശാന ഭൂമിയില്‍ കയ്യേറ്റം നടക്കുന്നത് സംബന്ധിച്ച് പരാതി നല്‍കാന്‍ വന്നതായിരുന്നു മന്ദന്‍പൂര്‍ സ്വദേശിയായ യുവാവ്. ഇദ്ദേഹത്തിനൊപ്പം പ്രായമേറിയ ചില ഗ്രാമീണരും ഉണ്ടായിരുന്നു. എസ്ഡിഎം ഇയാളോട് മുട്ടുകുത്തിയിരിക്കാന്‍ പറയുന്നതും കൂടെ വന്നവര്‍ ഇത് നിസഹായരായി നോക്കി നില്‍ക്കേണ്ടി വന്നതും ദൃശ്യങ്ങളില്‍ കാണാം.

ശ്മശാനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ നടപടി വൈകുകയാണെന്ന് പറഞ്ഞപ്പോള്‍ എസ്ഡിഎം ഇവരോട് കയര്‍ക്കുകയായിരുന്നവെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. പരാതി പറഞ്ഞതിന് ശിക്ഷയായിട്ടാണ് കോഴിയെ പോലെ ഇരിക്കാന്‍ ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. എസ്ഡിഎമ്മിനെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്.



മന്ദന്‍പൂരില്‍ ശ്മശാന ഭൂമി കയ്യേറിയതിനാല്‍ രാം ഗംഗ നദിയുടെ തീരത്താണ് അന്ത്യകര്‍മങ്ങള്‍ നടത്തുന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നു. നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ അവിടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ഇത് ചൂണ്ടിക്കാട്ടി പലതവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.