ഇന്ത്യ സഖ്യം; ഏകോപന സമിതിയിൽ സിപിഎമ്മിന് സ്ഥാനമില്ല
Sunday, September 17, 2023 7:43 PM IST
ന്യൂഡൽഹി: പ്രതിപക്ഷ കക്ഷികളുടെ സംയുക്ത കൂട്ടായ്മ ആയ "ഇന്ത്യ'യുടെ ഏകോപന സമിതിയിൽ സിപിഎം പ്രതിനിധിക്ക് സ്ഥാനമില്ല. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയെ സമിതിയിൽ ഉൾപ്പെടുത്തിയതിനിടെയാണ് ഈ നീക്കം.
ഏകോപന സമിതിയെ എതിർക്കുന്ന നിലപാടാണ് സിപിഎം നേരത്തെ തന്നെ സ്വീകരിച്ചിരുന്നത്. സമിതിയിലേക്ക് പ്രതിനിധിയെ നിർദേശിക്കില്ലെന്ന് പാർട്ടി അറിയിച്ചിരുന്നു.
കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവായ കെ.സി. വേണുഗോപാൽ ഉൾപ്പെടുന്ന സമിതിയിൽ ചേരുന്നത് എൽഡിഎഫിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഈ നീക്കം.
ഇതിനിടെ, സഖ്യത്തിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന സമിതികൾ ഉണ്ടാകരുതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. സഖ്യത്തിലെ തീരുമാനങ്ങൾ എടുക്കുന്നത് ഉന്നത പാർട്ടി നേതൃത്വങ്ങൾ ആണെന്നും അതിന് വിഘാതമാകുന്ന തരത്തിലുള്ള സമിതികൾ ഉണ്ടാകാൻ പാടില്ലെന്നും പിബി ചൂണ്ടിക്കാണിച്ചു.