മോദിക്ക് പ്രശംസ; കോൺഗ്രസ് പ്രവർത്തകസമിതിയിൽ മാപ്പ് പറഞ്ഞ് ഛത്തിസ്ഗഡ് ഉപമുഖ്യമന്ത്രി
Sunday, September 17, 2023 10:46 PM IST
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയതിന് കോൺഗ്രസ് വിശാല പ്രവർത്തകസമിതി യോഗത്തിൽ മാപ്പ് പറഞ്ഞ് ഛത്തിസ്ഗഡ് ഉപമുഖ്യമന്ത്രി ടി.എസ്. സിംഗ് ദേവ്.
വ്യാഴാഴ്ച റായ്പുരിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന പൊതുയോഗത്തിൽ, മോദി ഛത്തിസ്ഗഡിനായി ഒരുപാട് കാര്യങ്ങൾ ചെയ്തെന്ന് സിംഗ് ദേവ് പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങളനുസരിച്ചാണ് സംസ്ഥാന സർക്കാർ എക്കാലവും പ്രവർത്തിച്ചിട്ടുള്ളതെന്നും പദ്ധതികൾ അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രം യാതൊരു വിവേചനവും കാട്ടാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂപ്പുകൈയോടെയാണ് മോദി ഈ പ്രസ്താവനയെ സ്വാഗതം ചെയ്തത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന്റെ മുതിർന്ന അംഗം ഇത്തരമൊരു നീക്കം നടത്തിയത് പാർട്ടിയിൽ മുറുമുറപ്പ് സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിംഗ് ദേവ് ക്ഷമാപണവുമായി രംഗത്തെത്തിയത്.
പ്രവർത്തകസമിതി അംഗമല്ലാത്ത സിംഗ് ദേവ് തെരഞ്ഞെടുപ്പ് സമിതി അംഗമെന്ന നിലയിൽ പ്രത്യേക ക്ഷണിതാവായി ആണ് യോഗത്തിൽ പങ്കെടുത്തത്. തനിക്കൊരു കാര്യം പറയാനുണ്ടെന്ന സമിതിയെ അറിയിച്ച ശേഷമാണ് അദ്ദേഹം മാപ്പപേക്ഷ നടത്തിയത്. പാർട്ടി അച്ചടക്കം താൻ ലംഘിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഛത്തിസ്ഗഡിന്റെ ചുമതലയുള്ള ദേശീയ നേതാവ് കുമാരി സെൽജയോട് ഇക്കാര്യത്തിൽ നേരത്തെ തന്നെ ക്ഷമാപണം നടത്തിയിരുന്നുവെന്നും സിംഗ് ചൂണ്ടിക്കാട്ടി.
എന്നാൽ, സിംഗ് ദേവിന്റെ വാക്കുകളിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തൃപ്തനല്ലെന്നാണ് റിപ്പോർട്ടുകൾ. ക്ഷമാപണം നടത്തിയിട്ട് കാര്യമില്ലെന്നും ഉപമുഖ്യമന്ത്രി എന്ന നിലയിൽ ജനങ്ങൾ സിംഗ് ദേവിന്റെ വാക്കുകൾ കാര്യമായി എടുത്തുകഴിഞ്ഞ് കാണുമെന്നും ഖാർഗെ യോഗത്തിൽ പറഞ്ഞു. സിംഗ് ദേവിന്റെ അനുഭവം ഏവർക്കും ഒരു മുന്നറിയിപ്പ് ആയിരിക്കണമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.