എങ്ങനെയും ആക്ഷേപിക്കുക എന്ന നിലയിലേക്ക് രാഷ്ട്രീയം തരംതാണതായി ചാണ്ടി ഉമ്മൻ
Monday, September 18, 2023 6:31 PM IST
കോട്ടയം: ഏതുവിധേനയും ആക്ഷേപിക്കുക എന്ന നിലയിലേക്ക് രാഷ്ട്രീയം തരംതാണതായി ചാണ്ടി ഉമ്മൻ എംഎൽഎ.
"ചെറുകുടലിന് ഒരു കിലോമീറ്ററോളം നീളമുണ്ട്' എന്ന തന്റെ പരാമർശത്തെപ്പറ്റിയുള്ള ട്രോളുകളോട് പ്രതികരിക്കവെയാണ് ചാണ്ടി ഇക്കാര്യം പറഞ്ഞത്.
രണ്ട് മാസം മുമ്പ് ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കവേ സംഭവിച്ച ഒരു നാക്കുപിഴ ഉപയോഗിച്ച് ഇപ്പോൾ ആക്ഷേപിക്കുന്ന തരത്തിലേക്ക് ഇവിടുത്തെ രാഷ്ട്രീയം തരംതാഴ്ന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്പ മരിച്ച സാഹചര്യത്തിൽ, ഞാൻ കടന്നു പോയ മാനസികാവസ്ഥ നിങ്ങൾക്കറിയാം. അന്നൊരു ഒരു വാക്കിൽ എനിക്ക് പിഴ പറ്റി. രണ്ട് മാസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ പറഞ്ഞ കാര്യം ഇന്നലെ എങ്ങനെയാണ് ഓർമ വന്നതെന്ന് എനിക്ക് മനസിലായില്ല.
കഴിഞ്ഞ ഒമ്പത് വർഷക്കാലം ഞങ്ങളുടെ കുടുംബത്തെ വേട്ടയാടി, എന്റെ പിതാവിനെ വേട്ടയാടി. സോളാറിൽ എന്റെ നിലപാടും പാർട്ടി നിലപാടും കൂട്ടിക്കുഴയ്ക്കേണ്ട. പാർട്ടി നിലപാടാണ് അവസാന വാക്കെന്നും ചാണ്ടി കൂട്ടിച്ചേർത്തു.