ഗുജറാത്തിൽ കനത്ത മഴ; 12,000 പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി
Monday, September 18, 2023 8:33 PM IST
അഹമ്മദാബാദ്: ഗുജറാത്തിൽ ഞായറാഴ്ച മുതൽ തകർത്തുപെയ്യുന്ന മഴയിൽ വ്യാപക നാശനഷ്ടം. അണക്കെട്ടുകൾ തുറന്നതിനാലും നർമദ ഉൾപ്പെടെയുള്ള നദികൾ നിറഞ്ഞുകവിഞ്ഞതിനാലും പല മേഖലകളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.
12,644 പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയതായി അധികൃതർ അറിയിച്ചു. വഡോദര, നർമദ, ബരുച്, ദാഹോദ്, പാഞ്ജ്മൽ, ആനന്ദ്, ഗാന്ധിനഗർ ജില്ലകളിലാണ് മഴ കനത്ത നാശം വിതച്ചത്.
സർദാർ സരോവർ അണക്കെട്ട് തുറന്നതോടെ, നർമദ നദിയിലെ ജലനിരപ്പ് സുരക്ഷിത അളവായ 28 അടി പിന്നിട്ട് 40 അടി വരെയായി ഉയർന്നിരുന്നു. ഇതേത്തുടർന്ന് നദീതീരത്ത് കനത്ത ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
തിങ്കളാഴ്ച പുലർച്ചെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയുള്ള സമയത്തിനിടെ പല മേഖലകളിലും 40 മില്ലിമീറ്ററോളം മഴ ലഭിച്ചെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ചൊവ്വാഴ്ചയും സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് സൂചന.