തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡിക്ക് മുൻപാകെ ഇന്ന് ഹാജരാകില്ലന്നറിയിച്ച് സിപിഎം സംസ്ഥാന കമ്മറ്റിയംഗം എ.സി. മൊയ്തീൻ. ഇ മെയിൽ വഴിയാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണമെന്നാണ് വിശദീകരണം. ഇഡി പുതിയ നോട്ടീസ് നൽകുമെന്നാണ് സൂചന.

തിങ്കളാഴ്ച ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയയ്ച്ചതിന് പിന്നാലെയാണ് ഇന്നും ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചത്. ശേഷം ഹാജരാകാന്‍ സമന്‍സ് നല്‍കി. മാത്രമല്ല മൊയ്തീന്‍റെയും കുടുംബത്തിന്‍റെയും സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും നിര്‍ദേശമുണ്ടായിരുന്നു.

രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് മുന്‍പായി മൊയ്തീനെതിരെ ഇഡി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കേസില്‍ മുഖ്യസാക്ഷിയായ കെ.എ ജിജോര്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷന്‍ എന്നിവരുടെ മൊഴികള്‍ മൊയ്തീന് എതിരാണ്.

കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂരും കൊച്ചിയിലും തിങ്കളാഴ്ച ഇഡി റെയ്ഡ് നടത്തിയിരുന്നു. അയ്യന്തോള്‍ സഹകരണ ബാങ്കിലെ റെയ്ഡ് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും തുടരുകയാണ്.