പുതിയ മന്ദിരത്തിലെ മികച്ച തുടക്കം; വനിതാ സംവരണ ബില്‍ ഇന്നത്തെ അജണ്ടയില്‍
Tuesday, September 19, 2023 11:11 AM IST
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ പരിഗണിക്കുന്നു. ബില്‍ ഇന്നത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തി. ഇതു സംബന്ധിച്ച് പുതുക്കിയ നോട്ടീസ് സര്‍ക്കാര്‍ സപീക്കറുടെ ഓഫീസിന് നല്കി.
നേരത്തെ, ബില്‍ ബുധനാഴ്ച പരിഗണിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ചൊവ്വാഴ്ചത്തെ അജണ്ടയില്‍ ബില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എങ്കിലും വിഷയം അജണ്ടയ്ക്ക് പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
വനിതാ സംവരണ ബില്‍ അവതരണം ചൊവ്വാഴ്ച നടക്കും. ചര്‍ച്ച അടുത്തദിവസം നടക്കാനാണ് സാധ്യത. ചര്‍ച്ചയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പങ്കെടുത്ത് സംസാരിക്കുമെന്നാണ് സൂചന. ബില്‍ വെള്ളിയാഴ്ച രാജ്യസഭയില്‍ എത്തും.
മുന്‍പ്, 2010 മാര്‍ച്ച് ഒമ്പതിന് വനിതാ സംവരണ ബില്‍ രാജ്യസഭ പാസാക്കിയിരുന്നു. ആ ബില്ലില്‍ ചില മാറ്റങ്ങളോടെയാകും ലോക്സഭയില്‍ അവതരിപ്പിക്കുക. അതിനാല്‍തന്നെ ബില്‍ വീണ്ടും രാജ്യസഭയില്‍ എത്തി പാസാക്കണം.
ലോക്സഭ, നിയമസഭകള്‍ എന്നിവയിലേക്ക് 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യുന്നതാണ് വനിതാ സംവരണ ബില്‍. പട്ടികജാതി- പട്ടിക വര്‍ഗ സംവരണ സീറ്റുകളും മൂന്നില്‍ ഒന്ന് സ്ത്രീകള്‍ക്കായി നീക്കിവയ്ക്കണമെന്ന് ബില്ലിലുണ്ട്.
നിയമസഭകളില്‍ പകുതി എണ്ണമെങ്കിലും ഈ ബില്‍ പാസാക്കണം എന്നതിനാല്‍ "വനിതാ സംവരണ നിയമം' 2029ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലായിരിക്കും നടപ്പാക്കുക എന്നാണ് വിവരം.