ദേവസ്വം മന്ത്രിക്ക് ജാതീയ വിവേചനം നേരിട്ടത് പയ്യന്നൂരിലെ ക്ഷേത്രത്തിൽ
വെബ് ഡെസ്ക്
Tuesday, September 19, 2023 1:33 PM IST
പയ്യന്നൂര്‍: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് ജാതീയ വിവേചനം നേരിട്ടത് പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തിൽനിന്ന്. ദേവസ്വം മന്ത്രിയായിട്ടുപോലും താന്‍ നേരിട്ട ജാതീയ വിവേചനം കോട്ടയത്തെ ഒരു ചടങ്ങില്‍ വെളിപ്പെടുത്തിയതോടെയാണ് ഇതു ചർച്ചയായത്.
ക്ഷേത്രമോ സംഭവമോ വെളിപ്പെടുത്താതെയായിരുന്നു കോട്ടയത്തു നടന്ന ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തിലെ മന്ത്രിയുടെ വിവരണം.
ഒരു ക്ഷേത്രത്തിലെ ചടങ്ങില്‍ നിലവിളക്ക് കൊളുത്തുന്ന സമയത്തായിരുന്നു സംഭവമെന്നും അതേ വേദിയില്‍തന്നെ തന്റെ പ്രതിഷേധം പരസ്യമായി അറിയിച്ചെന്നും മന്ത്രി പറഞ്ഞു. പ്രധാന പൂജാരി വിളക്കുമായി വേദിയിലെത്തിയപ്പോള്‍ വിളക്ക് എനിക്കു നല്‍കാനാണെന്നാണു കരുതി.
എന്നാല്‍, അദ്ദേഹംതന്നെ ദീപം തെളിച്ചു. ആചാരത്തിന്റെ ഭാഗമാകും തൊട്ടുകളിക്കേണ്ട എന്നു കരുതി മാറിനിന്നു. ഇതിനുശേഷം വിളക്ക് സഹപൂജാരിക്കു കൈമാറി. അയാളും ദീപം തെളിച്ചതിനുശേഷം വിളക്ക് കൈയില്‍ തരാതെ നിലത്തുവയ്ക്കുകയായിരുന്നു.
ഞാന്‍ നിലത്തുനിന്ന് എടുത്തു കത്തിക്കട്ടെ എന്നായിരിക്കും ചിന്തിച്ചത്. ഞാന്‍ പറഞ്ഞു, പോയി പണിനോക്കാന്‍. താന്‍ തരുന്ന പണത്തിന് അയിത്തമില്ലല്ലോ. ഉണ്ടോ?. തനിക്കു മാത്രമാണോ അയിത്തമെന്ന് ചോദിച്ചതായും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ കൂടെ ചടങ്ങില്‍ പങ്കെടുത്ത എംഎല്‍എ ടി.ഐ. മധുസൂദനന് ഈ സംഭവത്തെ വിശേഷിപ്പിച്ചത് അല്‍പത്തരമെന്നാണ്. അയിത്തത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടി അംഗീകരിക്കാനാവില്ല.
അന്നത്തെ ചടങ്ങില്‍ അധ്യക്ഷനായിരുന്ന താനും ഉദ്ഘാടകനായ മന്ത്രിയും അന്നുതന്നെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയിരുന്നതായും എംഎല്‍എ പറഞ്ഞു.
ജനുവരി 26ന് പയ്യന്നൂരില്‍ നടന്നത്
പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ നടപ്പന്തല്‍ ഉദ്ഘാടനത്തിനാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്, ടി.ഐ. മധുസൂദനൻ എംഎല്‍എയോടൊപ്പം എത്തിയത്.
മന്ത്രിയെ സ്വീകരിച്ച് ക്ഷേത്രനടയിലേക്ക് ആനയിച്ചവര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ക്ഷേത്രത്തില്‍നിന്ന് ഭദ്രദീപവുമായി വന്ന ശാന്തിക്കാര്‍ ഭദ്രദീപം കൊളുത്തിയശേഷം മന്ത്രിയോട് ദീപം കൊളുത്താന്‍ ആവശ്യപ്പെട്ടു.
മുന്നോട്ടാഞ്ഞ മന്ത്രിക്ക് ഭദ്രദീപം കൈമാറാതെ നിലത്തുവയ്ക്കുകയായിരുന്നു. പിന്നീട് നിലത്തുവച്ച ഭദ്രദീപം എടുത്ത് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ബീന മന്ത്രിക്ക് നല്കാന് ശ്രമിച്ചുവെങ്കിലും മന്ത്രിയും എംഎല്‍എയും ഭദ്രദീപം കൊളുത്താതെ മാറിനിന്നു. മറ്റുള്ളവര്‍ ഭദ്രദീപം കൊളുത്തിയതിനുശേഷം മന്ത്രി നടപ്പന്തല്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു.
അന്നത്തെ ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ഒട്ടും പ്രകോപിതനാകാതെയാണു സംസാരിച്ചത്. ചെറുപ്പത്തില്‍ നേരിട്ടനുഭവിച്ച ജാതി വിവേചനം മനസില്‍ മായാത്തതിനാല്‍ ഈ സംഭവത്തില്‍ മാനസിക പ്രയാസം വന്നതിനാലാണ് ഭദ്രദീപം കൊളുത്താത്തതെന്നാണ് മന്ത്രി അവിടെ വിശദീകരിച്ചത്.