യുഎൻ രക്ഷാസമിതി കാലത്തിനനുസരിച്ച് പരിഷ്കരിക്കണം: ഗുട്ടെറസ്
Wednesday, September 20, 2023 3:08 AM IST
യുണൈറ്റഡ് നേഷൻസ്: കാലത്തിനനുസരിച്ച് ഐക്യ രാഷ്ട്രസഭ രക്ഷാസമിതി പരിഷ്കരിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. 1945ലെ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങൾക്കനുസരിച്ചുള്ളതാണ് നിലവിലെ 15 അംഗ രക്ഷാസമിതിയെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ലോകം അനിയന്ത്രിതമായി മാറിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചുവരുന്നു. ഇത്തരം വെല്ലുവിളികളെ ഒരുമിച്ച് നേരിടാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും യുഎൻ പൊതുസഭയുടെ 78-ാമത് സെഷനിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
കാലാവസ്ഥ പ്രതിസന്ധി, വിനാശകരമായ സാങ്കേതിക വിദ്യകൾ തുടങ്ങിയ നിരവധി ഭീഷണികളാണ് ലോകം നേരിടുന്നത്. ബഹുധ്രുവ ലോകത്തിൽ കുടുതൽ ശക്തവും ഫലപ്രദവുമായ ബഹുമുഖ സ്ഥാപനങ്ങൾ ആവശ്യമാണെന്നും ഗുട്ടെറസ് കൂട്ടിച്ചേർത്തു.