ദളിത് വയോധികനെ മർദിച്ചു; അഞ്ച് പേർക്കെതിരെ കേസ്
Wednesday, September 20, 2023 7:02 AM IST
ജയ്പുർ: രാജസ്ഥാനിൽ ദളിത് വയോധികനെ മർദിച്ചതിന് അഞ്ച് പേർക്കെതിരെ പോലീസ് കേസ്. ഗുർജാർ സമുദായത്തിൽ നിന്നുള്ളവർക്കെതിരെയാണ് നടപടി. ചിത്തോർഗഡ് ജില്ലയിലാണ് സംഭവം.
ഗുർജാർ സമുദായത്തിൽ നിന്നുള്ള ഒരു സ്ത്രീയോട് പരുഷമായി സംസാരിച്ചുവെന്ന് ആരോപിച്ച് അഞ്ച് പേർ ദുഗർ ഗ്രാമവാസിയായ ദലു സാൽവി(70)യെ മർദിച്ചിരുന്നു. ഇതേതുടർന്ന് രത്തൻലാൽ ഗുർജാർ, ഹസാരി ഗുർജാർ, ഉഗ്മ ഗുർജാർ എന്നിവർക്കെരിതെയും മറ്റ് രണ്ട് പേർക്കെതിരെയുമായി പോലീസ് കേസെടുക്കുകയായിരുന്നു.
സാൽവി ആറ് മാസം മുമ്പ് ഗുർജാർ സമുദായത്തിൽപ്പെട്ട ഒരു സ്ത്രീക്കെതിരെ പരാമർശം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്നാണ് സംഭവവികാസങ്ങളുണ്ടായത്.
ഗ്രാമത്തിലെ ഒരു ദളിത് സംഘടന ഇത് സംബന്ധിച്ച് പോലീസ് സൂപ്രണ്ടിന് നിവേദനം നൽകിയിട്ടുണ്ടെന്ന് ഉന്നതപോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ, അഞ്ച് പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 504 (ഭീഷണിപ്പെടുത്തൽ), 506 (സമ്മർദ്ദം), 143 (കലാപം) പ്രകാരവും പട്ടികജാതി-പട്ടികവർഗ (തടയൽ) എന്നീ വകുപ്പുകൾ പ്രകാരം തിങ്കളാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തു.