ആശുപത്രിയില്‍ അതിഥി തൊഴിലാളിയുടെ പരാക്രമം; ലേബര്‍ റൂമില്‍ കയറി പരിഭ്രാന്തി പരത്തി
Wednesday, September 20, 2023 10:47 AM IST
കൊച്ചി: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ അതിഥി തൊഴിലാളിയുടെ പരാക്രമം. ആശുപത്രിയിലെ ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്ത ഇയാള്‍ ലേബര്‍ റൂമിലടക്കം കയറി പരിഭ്രാന്തി പരത്തി. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്ന് പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് സംഭവം. റോഡില്‍ അബോധാവസ്ഥയില്‍ കിടന്ന ഇയാളെ നാട്ടുകാര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇവിടെയെത്തി അല്പസമയത്തിനകം അക്രമാസക്തനായ ഇയാള്‍ ശുചിമുറിയിലേക്കും ലേബര്‍ റൂമിലേക്കും ഓടിക്കയറി ബഹളം വയ്ക്കുകയായിരുന്നു. ആശുപത്രിയിലെ ഒരു അലമാരയുടെ ചില്ല് അടിച്ച് തകര്‍ത്തു.
തുടര്‍ന്ന് ആശുപത്രി ജീവനക്കാരും ഇവിടെയുണ്ടായിരുന്ന പോലീസുകാരും ചേര്‍ന്ന് ഇയാളെ പിടിച്ച് കെട്ടിയ ശേഷം മയങ്ങാനുള്ള മരുന്ന് നല്‍കുകയായിരുന്നു.
നിലവില്‍ ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്.