"ഇന്ത്യ'ക്കൊപ്പം മായാവതിയും; യുപിയിൽ പ്രിയങ്കയുടെ നിർണായക നീക്കം
Wednesday, September 20, 2023 1:23 PM IST
ലക്നോ: രാജ്യത്ത് ഏറ്റവും കൂടുതൽ ലോക്സഭ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ നിർണായക നീക്കവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധി. "ഇന്ത്യ' സഖ്യവുമായി അകന്നുനിൽക്കുന്ന മായാവതിയെയും അവരുടെ പാർട്ടിയായ ബിഎസ്പിയെയും അടുപ്പിക്കാനുള്ള ഇടപെടലുകൾ പ്രിയങ്ക നടത്തുകയാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടന്നതായും അറിയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്പിക്കൊപ്പം ബിഎസ്പിയെയും ഒപ്പം നിര്‍ത്തിയാല്‍ യുപിയില്‍ കൂടുതൽ സീറ്റുകൾ പിടിക്കാമെന്നാണ് "ഇന്ത്യ'യുടെ വിലയിരുത്തല്‍. കോണ്‍ഗ്രസുമായുള്ള സഖ്യം നേരത്തെ ബിഎസ്പി തള്ളിയിരുന്നു.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ബിഎസ്പിയെ ഒപ്പം നിര്‍ത്താൻ കോൺഗ്രസ് ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. എന്നാൽ, പ്രിയങ്കയുടെ നീക്കത്തിലൂടെ ബിഎസ്പിയെയും മായാവതിയെയും ഒപ്പം നിർത്താനാകുമെന്നാണു പ്രതീക്ഷ.
അതേസമയം പ്രിയങ്ക-മായാവതി കൂടിക്കാഴ്ചയെക്കുറിച്ച് കോൺഗ്രസോ ബിഎസ്പി നേതാക്കളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
യുപിയിലെ 80 സീറ്റുകൾ ഡൽഹിയിലെ ഭരണം പിടിക്കുന്നതിൽ നിർണായകമാണ്. കഴിഞ്ഞ രണ്ടുതവണയും ബിജെപിയെ അധികാരത്തിലേറ്റിയത് യുപിയിലെ വൻ വിജയമായിരുന്നു. അതുകൊണ്ടുതന്നെ പ്രതിപക്ഷ സഖ്യമായ "ഇന്ത്യ' കണ്ണുവയ്ക്കുന്നതും യുപിയിൽ തന്നെ.