വാടകവീടിനുള്ളില്‍ അച്ഛന്റെയും മകന്റെയും മൃതദേഹം: കൊലപാതകമെന്ന സൂചനയില്ലെന്ന് പോലീസ്
Wednesday, September 20, 2023 4:24 PM IST
അടൂര്‍: ഏനാത്ത് അച്ഛനെയും ഒന്‍പതു വയസുകാരനായ മകനെയും വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. ഏനാത്ത് വടക്കടത്തുകാവ് കല്ലുംപുറത്ത് പടിപ്പുരയില്‍ മാത്യു പി. അലക്സ് (ലിറ്റിന് 47) മൂത്ത മകന് മെല്വിന് മാത്യു (ഒൻപത്) എന്നിവരെയാണ് സ്വീകരണ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകനെ കൊലപ്പെടുത്തിയശേഷം പിതാവ് ജീവനൊടുക്കിയതാകാമെന്ന് നിഗമനമാണ് ബുധനാഴ്ച ഉണ്ടായിരുന്നതെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ ഇതിനുള്ള സാധ്യത ഇല്ലെന്നു പോലീസ് പറയുന്നു.
മരിച്ച മെല്‍വിന്റെ ദേഹത്ത് ഏതെങ്കിലും തരത്തിലുള്ള പാടുകളോ കൊലപതാക ലക്ഷണങ്ങളോ ഇല്ലെന്നാണ് വിവരം. വിഷം ഉള്ളില്‍ ചെന്നതിനും ലക്ഷണങ്ങളില്ല. ഇക്കാര്യങ്ങളില്‍ വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ സ്ഥിരീകരണം ഉണ്ടാകുകയുള്ളൂ.
പിതാവ് മാത്യുവിനെ സ്റ്റെയര്‍ കെയ്സിന്റെ കൈവരിയില്‍ തൂങ്ങിമരിച്ച നിലയിലും മകന് മെല്‍വിനെ സ്വീകരണ മുറിയില്‍ നിലത്ത് വിരിച്ച ഷീറ്റില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഏനാത്ത് കടികയില്‍ മെല്‍വിനും രണ്ട് മക്കളും വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. ഇയാളുടെ ഭാര്യ ആശ വിദേശത്താണ്.
ഇളയമകന് ആല്വിന് (അഞ്ച്) രാവിലെ ഉണര്‍ന്നപ്പോഴാണ് മൃതദേഹങ്ങള്‍ കാണുന്നത്. ആല്‍വിന്റെ നിലവിളികേട്ട് സമീപവാസികള്‍ എത്തുകയും വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. മാത്യു നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ഏറെനാളായി നാട്ടിലുണ്ട്. പരിസരവാസികളുമായി നല്ല ബന്ധമാണ് ഇയാള്‍ക്കുണ്ടായിരുന്നത്.
മരിച്ച മെല്വിന് മാത്യു ചൂരക്കോട് ഗവ.എല്‍പിഎസിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഏനാത്ത് പോലീസ് ഇന്‍സ്പെക്ടര്‍ മനോജിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലാണ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തത്.