കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ചോദ്യം ചെയ്യലിനായി മൊയ്തീന് വീണ്ടും നോട്ടീസ് നൽകും
Wednesday, September 20, 2023 8:20 PM IST
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എ.സി. മൊയ്തീന് എംഎല്‍എ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടന്‍ നോട്ടീസ് അയയ്ക്കും. ചൊവ്വാഴ്ച ഇഡിക്കു മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നിയമസഭ സാമജികര്ക്കുള്ള ക്ലാസില്‍ പങ്കെടുക്കേണ്ടതിനാല്‍ എത്താന്‍ കഴിയില്ലെന്ന് അദേഹം ഇ-മെയില്‍ മുഖേന ഇഡിയെ അറിയിക്കുകയായിരുന്നു.
അതേസമയം സഹകരണ ജീവനക്കാരുടെയും ഇടനിലക്കാരുടെയും ചോദ്യം ചെയ്യൽ ഇന്നും തുടർന്നു. കഴിഞ്ഞ തവണ ചോദ്യം ചെയ്യലിന് ഹാജരായ മൊയ്തീന് ഇഡിക്ക് മുന്നില്‍ ഹാജരാക്കിയ രേഖകള്‍ അപൂര്‍ണമാണെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.
ഇതോടെയാണ് പൂര്‍ണ വിവരങ്ങളടങ്ങിയ രേഖകള്‍ സഹിതം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കേസില്‍ അറസ്റ്റിലായ പ്രതികളും മൊയ്തീനും ഇഡിക്ക് നല്കിയ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായാണ് വിലയിരുത്തല്‍.
പരാതിക്കാരനും അറസ്റ്റിലായ പ്രതികളും മൊയ്തീനെതിരായാണ് മൊഴി നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഇഡി അറസ്റ്റിലേക്ക് നീങ്ങുന്നുവെന്ന സൂചനയുമുണ്ട്. അറസ്റ്റ് ചെയ്യുന്നതിന് ഇഡിക്ക് മുന്നില്‍ നിയമ തടസങ്ങളൊന്നും ഇല്ല.
അതേസമയം മൊയ്തീന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. കഴിഞ്ഞ 10ന് ഇഡി മണിക്കൂറുകളോളം മൊയ്തീനെ ചോദ്യം ചെയ്തിരുന്നു.
തൃശൂരിലും എറണാകുളത്തുമായി കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡിന്റെ കൂടി പശ്ചാത്തലത്തിലാകും കേസിലെ ഇഡിയുടെ തുടര്‍ നടപടികള്‍.