കാനഡയിലെ ഇന്ത്യക്കാർ രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യമന്ത്രാലയം; ജാഗ്രതാ മുന്നറിപ്പ്
Wednesday, September 20, 2023 8:58 PM IST
ന്യൂഡല്‍ഹി: കാനഡയുമായുള്ള നയതന്ത്രബന്ധം മോശമായതിനു പിന്നാലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.
ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ കാനഡയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത്, അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരും അവിടേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇന്ത്യാ വിരുദ്ധ അജണ്ടയെ എതിര്‍ക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞർക്കും ഇന്ത്യന്‍ സമൂഹത്തിലെ വിഭാഗങ്ങൾക്കും ഖാലിസ്ഥാൻ ഗ്രൂപ്പുകൾ ഭീഷണിയുയർത്തുന്നുണ്ട്.
ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കാനഡയിലെ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഇന്ത്യന്‍ പൗരന്മാര് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും വിദ്യാർഥികളും ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലോ ടൊറന്റോയിലെ കോണ്‍സുലേറ്റിലോ നിര്‍ബന്ധമായും റജിസ്റ്റര്‍ ചെയ്യണം. madad.gov.in. എന്ന വെബ്സൈറ്റ് വഴിയും റജിസ്റ്റര്‍ ചെയ്യാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആരോപിച്ചതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു.