പ്രശസ്ത നാടക നടൻ മരട് ജോസഫ് അന്തരിച്ചു
Wednesday, September 20, 2023 9:16 PM IST
കൊച്ചി: പ്രശസ്ത നാടക നടൻ മരട് ജോസഫ് (93) അന്തരിച്ചു. അഞ്ചുതൈക്കല്‍ സേവ്യറിന്റെയും ഏലീശ്വയുടേയും മകനായി കൊച്ചി മരടിലാണ് ജോസഫിന്റെ ജനനം.
സെന്റ് മേരീസ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. സ്കൂള്‍ കാലം മുതലേ നാടകത്തില്‍ സജീവമായിരുന്നു. നാടകകൃത്ത് ചെറായി ജി എഴുതിയ വഴിത്താര എന്ന നാടകത്തില്‍ അഭിനയിച്ചതോടെ പേര് മരട് ജോസഫ് എന്നാക്കി.
പി.ജെ. ആന്റണിയുടെ പ്രതിഭാ ആര്‍ട്സ് ക്ലബ്ബിലെ സ്ഥിരം അംഗമായിരുന്നു. ഇൻക്വിലാബിന്റെ മക്കള്‍, വിശക്കുന്ന കരിങ്കാലി തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. ശങ്കരാടി, മണവാളൻ ജോസഫ്, കല്യാണിക്കുട്ടിയമ്മ, കോട്ടയം ചെല്ലപ്പൻ, എഡ്ഡി മാസ്റ്റര്‍ തുടങ്ങിയ പ്രഗല്ഭര്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമയിയുടെ വിശിഷ്ടാംഗത്വം നേടിയിട്ടുണ്ട്.
പൊൻകുന്നം വര്‍ക്കിയുടെ കേരള തിയറ്റേഴ്സിലും കൊച്ചിൻ കലാകേന്ദ്രം, കൊല്ലം ജ്യോതി തിയറ്റേഴ്സ്, കോട്ടയം വിശ്വകേരള കലാസമിതി, കോഴിക്കോട് സംഗമം തിയറ്റേഴ്സ്, ആലപ്പി തിയറ്റേഴ്സ് തുടങ്ങിയവയിലും എൻ.എൻ. പിള്ളയുടെ പ്രേതലോകം, വൈൻഗ്ലാസ്, വിഷമവൃത്തം, കാപാലിക, ഈശ്വരൻ അറസ്റ്റില്‍ തുടങ്ങിയ നാടകങ്ങളിലും കെ.ടി. മുഹമ്മദിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു.