നെടുമ്പാശേരിയിൽ ബേക്കറി ഉടമയെ മര്‍ദിച്ച സംഭവം: എസ്ഐയെ സസ്പെന്‍ഡ് ചെയ്യും
Thursday, September 21, 2023 9:47 AM IST
കൊച്ചി: നെടുമ്പാശേരി കരിയാട് ബേക്കറി ഉടമയെ മര്‍ദിച്ചെന്ന പരാതിയില്‍ എസ്ഐയെ സസ്പെന്‍ഡ് ചെയ്യും. ഗ്രേഡ് എസ്ഐ പി.എസ്.സുനില്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു.
ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനാണ് ഇയാള്‍ക്കെതിരെ നടപടിയെടുക്കുക. മര്‍ദനമേറ്റയാളുടെ മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി 9:30ഓടെയായിരുന്നു സംഭവം. കരിയാട് ജംഗ്ഷനിലുള്ള ബേക്കറിയിലേക്ക് കടന്നു ചെന്ന എസ്ഐ യാതൊരു പ്രകോപനവും ഇല്ലാതെ കടയുടമ കുഞ്ഞുമോന്, ഭാര്യ ആൽബി,
മകള്‍ മെറിന് എന്നിവരടക്കം അഞ്ചുപേരെ ചൂരല്‍വടി കൊണ്ട് മര്‍ദിക്കുകയായിരുന്നു. ഇതോടെ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞുവച്ച് നെടുമ്പാശേരി പോലീസില്‍ ഏല്‍പ്പിച്ചു.
കണ്ട്രോള് റൂം വാഹനത്തിന്റെ ചുമതലയുള്ള എസ്ഐയായിരുന്നു സുനില്‍. കരിയാട് ഭാഗത്ത് കത്തിക്കുത്ത് നടന്നെന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ കടയിലേക്ക് വന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.