50 ദിവസമായി കൂലി കിട്ടുന്നില്ല; കൊല്ലത്ത് മേയര്‍ക്കെതിരേ തൊഴിലുറപ്പ് തൊഴിലാളികളുടെ ഉപരോധസമരം
Thursday, September 21, 2023 1:00 PM IST
കൊല്ലം: കൂലി കിട്ടാത്തതില്‍ പ്രതിഷേധിച്ച് കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റിനെതിരേ ഉപരോധസമരവുമായി തൊഴിലുറപ്പ് തൊഴിലാളികള്‍. മേയറുടെ ഓഫീസിന് മുമ്പില്‍ കുത്തിയിരുന്ന് തൊഴിലാളികള്‍ പ്രതിഷേധിക്കുകയാണ്.
രാവിലെ മേയര്‍ ഓഫിസിലെത്തിയപ്പോഴാണ് ശക്തികുളങ്ങര ഡിവിഷനിലെ അയ്യന്‍കാളി തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 47 തൊഴിലാളികള്‍ക്ക് കഴിഞ്ഞ 50 ദിവസമായി കൂലി കിട്ടുന്നില്ലെന്നാണ് പരാതി.
100 ദിവസം ജോലി ചെയ്തവര്‍ക്ക് ഓണത്തിന് ലഭിക്കേണ്ടിയിരുന്ന ബോണസും കിട്ടിയില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു.
പരാതി പറയാനെത്തിയപ്പോള്‍ മേയര്‍ ഇവരെ അവഗണിച്ച് കടന്നുപോയെന്നും തൊഴിലാളികള്‍ പറയുന്നു. പ്രശ്നത്തിന് പരിഹാരം കാണാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇവര്‍.