ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി; നോര്‍ക്യയും മഗലയും ലോകകപ്പിന് ഇല്ല
Thursday, September 21, 2023 3:08 PM IST
ന്യൂഡല്‍ഹി: ഏകദിന ലോകകപ്പിന് തയാറെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന് വന്‍ തിരിച്ചടി. ടീമിലെ പ്രധാന പേസ്ബൗളര്‍മാരായ ആന്റിച്ച് നോര്‍ക്യയും സിസാന്‍ഡ മഗലയും പരിക്കേറ്റ് ടീമിനു പുറത്തായി.
കോച്ച് റോബ് വാള്‍ട്ടറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇവരുടെ പകരക്കാരായി ഓള്‍റൗണ്ടര്‍ ആന്‍ഡിലെ പെഹ്ലുക്വായോയെയും പേസര്‍ ലിസാര്‍ഡ് വില്യംസിനെയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി.
നോര്‍ക്യയും മഗലയും ടീമില്‍ നിന്ന് പുറത്തായത് വലിയ നിരാശ പകര്‍ന്നെന്ന് പറഞ്ഞ വാള്‍ട്ടര്‍ പേസര്‍മാര്‍ക്ക് മത്സര ക്രിക്കറ്റിലേക്ക് മടങ്ങി വരാനുള്ള എല്ലാ സഹായവുമൊരുക്കുമെന്നും വ്യക്തമാക്കി.
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ പുറത്തിനേറ്റ പരിക്കാണ് നോര്‍ക്യയെ ചതിച്ചത്. മഗലയുടെ ഇടതു കാല്‍മുട്ടിനാണ് പരിക്ക്. ഇരുവരുടെയും പരിക്ക് ലോകകപ്പിനു മുമ്പ് ഭേദമാവില്ലെന്നുറപ്പായതോടെയാണ് ഇരുവരെയും ടീമില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്.
ആന്‍ഡിലെ ഫെലുക്വായോയ്ക്കും ലിസാര്‍ഡ് വില്യംസിനും വലിയൊരു വേദിയില്‍ മികവു തെളിയിക്കാനുള്ള അവസരമാണ് വന്നു ചേര്‍ന്നിരിക്കുന്നതെന്നും വാള്‍ട്ടര്‍ കൂട്ടിച്ചേര്‍ത്തു.
നോര്‍ക്യയുടെ അഭാവം ദക്ഷിണാഫ്രിക്കയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തിലെ അതിവേഗ ബൗളര്‍മാരിലൊരാളായ നോര്‍ക്യയ്ക്ക് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കളിച്ച് മികച്ച അനുഭവ പരിചയവുമുണ്ട്.
മഗലയ്ക്കു പകരം ടീമിലെത്തിയ പെഹ്ലുക്വായോ ഓസ്ട്രേലിയയ്ക്കെതിരായ അവസാന ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ്.