പി.വി എന്നത് പിണറായി വിജയൻ; മറിച്ച് തെളിയിച്ചാൽ രാജിവയ്ക്കും: കുഴൽനാടൻ
Thursday, September 21, 2023 4:48 PM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആഞ്ഞടിച്ച് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ വീണ്ടും രംഗത്ത്. ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിൽ പി.വി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് പിണറായി വിജയൻ എന്ന് തന്നെയാണെന്നും മറിച്ച് തെളിയിച്ചാൽ തന്റെ എംഎൽഎ സ്ഥാനം രാജിവയ്ക്കാമെന്നും മാത്യൂ കുഴൽനാടൻ വെല്ലുവിളിച്ചു. കൊച്ചിയിൽ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം രൂക്ഷമായ പരാമർശം നടത്തിയത്.
മകൾ വീണ വിജയൻ കരിമണൽ കമ്പനിയിൽ നിന്നും പണം വാങ്ങി എന്ന കാര്യം മുഖ്യമന്ത്രി സമ്മതിച്ചു. ഇത് സേവനത്തിനായി രണ്ട് കമ്പനികൾ തമ്മിൽ കരാർപ്രകാരം നൽകിയ പണമാണെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്.
അക്കൗണ്ട് വഴി പണം വാങ്ങിയാൽ സുതാര്യമെന്നാണോ മുഖ്യമന്ത്രി പറയുന്നതെന്നും ഒരു കമ്മ്യൂണിസ്റ്റുകാരൻ പോലും വിശ്വസിക്കില്ല എന്ന നിലയിലേക്ക് പിണറായി തകർന്നിരിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
യാതൊരു സേവനവും നൽകാതെയാണ് കരിമണൽ കമ്പനി മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്ന് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ, കരിമണൽ കമ്പനി മുഖ്യമന്ത്രിയുടെ മകൾക്ക് ഭിക്ഷയായിട്ടാണോ പണം നൽകിയതെന്നും കുഴൽനാടൻ ചോദിച്ചു.
തന്നെയും അഴിമതിക്കാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള വ്യഗ്രതയുടെ ഭാഗമാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ഏത് വിധേനയുള്ള അന്വേഷണത്തോടും സഹകരിക്കാൻ തയാറാണെന്നും ജനപ്രതിനിധി എന്ന നിലയിലുള്ള ഒരു ആനുകൂല്യവും ഇതിനായി വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായി നടത്തുന്ന ഏത് അന്വേഷണത്തോടും സഹകരിക്കും. തന്റെ പോരാട്ടം നിയമ വഴിക്കായിരിക്കുമെന്നും അതുകൊണ്ടാണ് പൊതുജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കുന്നതെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു.
അന്വേഷണത്തിന്റെ പേരിൽ തളർത്തിക്കളയാമെന്നോ തകർത്തുകളയാമെന്നോ കരുതേണ്ട. തന്റെ പോരാട്ടം പാർട്ടിയുടെ പൂർണ പിന്തുണയോടെയാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.