സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; ആംഫെറ്റാമെൻ ഗുളികകൾ പിടിച്ചെടുത്തു
Friday, September 22, 2023 4:31 AM IST
റിയാദ്: രാജ്യത്തുടനീളം നടക്കുന്ന മയക്കുമരുന്ന് വേട്ടയിൽ സൗദി അധികൃതർ മയക്കുമരുന്ന് ശേഖരവും നിരവധി തോക്കുകളും പണവും പിടിച്ചെടുത്തു. അൽബാഹ മേഖലയിൽ കഞ്ചാവും ആംഫെറ്റാമെൻ ഗുളികകളും വിറ്റതിന് മൂന്ന് സൗദി പൗരന്മാരെയും അറസ്റ്റ് ചെയ്തു.
മദീനയിൽ കഞ്ചാവ് വിറ്റ സ്വദേശിയെ അറസ്റ്റ് ചെയ്യുകയും കൈവശം കണ്ടെത്തിയ പണം പിടിച്ചെടുക്കുകയും ചെയ്തു. 26 കിലോ ഖാത്ത് (ലഹരി ചെടി) കടത്താൻ ശ്രമിച്ചതിന് രണ്ട് ഇന്ത്യൻ പൗരന്മാരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക് കൺട്രോളിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
ജസാനിൽ 77 കിലോ ഖാത്ത് കടത്താനുള്ള ശ്രമം അതിർത്തി പട്രോളിങ് സേന പരാജയപ്പെടുത്തി. എല്ലാ പ്രതികൾക്കുമെതിരെ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കുകയും അവരുടെ കേസുകൾ പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് കൈമാറുകയും ചെയ്തു.