ഹിന്ദുക്കൾ രാജ്യം വിടണമെന്ന സിഖ് സംഘടനയുടെ ആഹ്വാനം തള്ളി കനേഡിയൻ മന്ത്രിമാർ
Friday, September 22, 2023 10:44 AM IST
ഒട്ടാവ: ഇന്ത്യക്കാരായ ഹിന്ദുക്കൾ രാജ്യം വിടണമെന്ന സിഖ്സ് ഫോർ ജസ്റ്റീസ്(എസ്എഫ്ജെ) സംഘടനയുടെ ആഹ്വാനം തള്ളി കനേഡിയൻ മന്ത്രിമാർ.
എസ്എഫ്ജെയുടെ ആഹ്വാനത്തെ അപലപിച്ച് പൊതുസുരക്ഷാ വകുപ്പ് മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് രംഗത്തെത്തി. കാനഡയിലെ എല്ലാ ജനവിഭാഗങ്ങൾക്കും സുരക്ഷിതമായി ജീവിക്കാനുള്ള അവകാശമുണ്ട്. കാനഡയുടെ ഈ നയത്തിന് വിരുദ്ധമായ രീതിയിലുള്ളതാണ് കനേഡിയൻ ഹിന്ദുക്കളോട് രാജ്യംവിടാൻ ആവശ്യപ്പെടുന്ന ഓൺലൈൻ വീഡിയോ പ്രചരണമെന്നും ലെബ്ലാങ്ക് കൂട്ടിച്ചേർത്തു.
എസ്എഫ്ജെയുടെ പ്രകോപന വീഡിയോയെ അപലപിച്ച് കാബിനറ്റ് അംഗം ഹർജിത് സജ്ജനും രംഗത്തെത്തി. എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങൾക്കും കാനഡയിൽ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും പ്രസ്തുത അവകാശത്തെ ചോദ്യംചെയ്യാൻ ആർക്കും കഴിയില്ലെന്നും സജ്ജൻ പ്രസ്താവിച്ചു.
ഖലിസ്ഥാൻ അനുകൂലി ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് പിന്നിൽ ഇന്ത്യ ആണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ ആരോപിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ വംശജരായ ഹിന്ദുക്കൾ കാനഡ വിട്ടുപോകണമെന്ന് എസ്എഫ്ജെ ആവശ്യപ്പെട്ടത്.
ഇന്ത്യൻ ഹിന്ദുക്കൾ ഇന്ത്യയെ അനുകൂലിക്കുന്നത് ഖലിസ്ഥാൻ അനുകൂലികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ വേണ്ടി മാത്രമാണെന്നും അത്തരക്കാർ കാനഡ വിടണമെന്നും എസ്എഫ്ജെയുടെ ഔദ്യോഗിക വക്താവ് ഗുർപത്വന്ത് പന്നൂൺ വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.