കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ അവധിയിൽ
Friday, September 22, 2023 12:21 PM IST
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ (സിഎംഡി)ബിജു പ്രഭാകരൻ അവധിയിൽ. ചികിത്സാർഥമാണ് സർക്കാരിന് അവധി അപേക്ഷ നല്കിയത്.
കാൽമുട്ടുവേദനയ്ക്ക് ചികിത്സിക്കുന്നതിനായി രണ്ടര മാസത്തെ അവധിയ്ക്കാണ് അപേക്ഷിച്ചത് എന്നറിയുന്നു. കഴിഞ്ഞ 19 മുതൽ 25 ദിവസത്തേയ്ക്കാണ് സർക്കാർ അവധി അനുവദിച്ചിരിക്കുന്നത്.
കെഎസ്ആർടിസിയിലെ പ്രതിസന്ധികൾ ഒഴിവാകാത്തതും മന്ത്രിസഭ പുനസംഘടന ഉണ്ടാകുമെന്ന രാഷ്ട്രീയ സാഹചര്യങ്ങളും കണക്കിലെടുത്ത് കെഎസ്ആർടിസിയുടെ സിഎംഡി സ്ഥാനത്തുനിന്നും ഒഴിവാകാനാണ് ബിജു പ്രഭാകരന് താല്പര്യം എന്നറിയുന്നു. ഇപ്പോൾ അനുവദിച്ചിരിക്കുന്ന അവധി കൂടുതൽ കാലത്തേയ്ക്ക് നീട്ടി എടുക്കാനാണ് സാധ്യത.
ബിജുപ്രഭാകരൻ വഹിച്ചിരുന്ന ഗതാഗത കമ്മീഷണറുടെ ചുമതല അഡീഷണൽ ചീഫ് സെക്രട്ടറി (പൊതു ഭരണ വകുപ്പ് ) കെ.ആർ. ജ്യോതിലാലിന് നല്കിയിട്ടുണ്ട്.
ബിജു പ്രഭാകരൻ വഹിച്ചിരുന്ന കെഎസ്ആർടിസിയുടെ സിഎംഡി, കെ - സ്വീഫ്റ്റിന്റെ മാനേജിംഗ് ഡയറക്ടർ എന്നീ ചുമതലകൾ കെ എസ് ആർടിസി ജോയിന്റ് എംഡി പി.എസ്. പ്രമോദ് ശങ്കറിനാണ്. അധിക ചുമതലയായി വഹിച്ചിരുന്ന ഗുരുവായൂർ ദേവസ്വം കമ്മീഷണർ, ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം കമ്മീഷണർ എന്നി ചുമതലകൾ ആർക്കും നല്കിയിട്ടില്ല.