ഓസ്ട്രേലിയ വീണു; ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം
Friday, September 22, 2023 10:06 PM IST
മൊഹാലി: ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഓസ്ട്രേലിയ ഉയർത്തിയ 277 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 48.4 ഓവറിൽ മറികടന്നു.
ഓപ്പണറുമാരായ ശുഭ്മാൻ ഗില്ലിന്റെയും ഋതുരാജ് ഗെയ്ക്വാദിന്റെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. ശുഭ്മാൻ ഗിൽ 74 (63), ഋതുരാജ് ഗെയ്ക്വാദ് 71 (77) എന്നിവർ ചേർന്ന് 21.4 ഓവറിൽ 142 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ഗെയ്ക്വാദ് പുറത്തായതിനുശേഷമെത്തിയ ശ്രേയസ് അയ്യർ റണ്ണൗട്ടായതോടെ ഇന്ത്യ 148ന് രണ്ട് എന്ന നിലയിലായി. തുടർന്ന് ശുഭ്മാൻ ഗില്ലും പുറത്തായി. പിന്നീട് വന്ന ഇഷാൻ കിഷന് നല്ല തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല.
185ന് നാല് എന്ന നിലയിലായ ആതിഥേയരെ ക്യാപ്റ്റൻ കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ് എന്നിവർ ചേർന്ന് വിജയ തീരത്തേക്ക് അടുപ്പിച്ചു. ജയിക്കാൻ 12 റണ്‍സ് മാത്രമുള്ളപ്പോൾ സൂര്യകുമാർ യാദവ് 50 (49) പുറത്തായെങ്കിലും കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ വിജയം വരിച്ചു. രാഹുൽ 63 പന്തിൽ പുറത്താകാതെ 58 റണ്‍സ് നേടി.
ഓസ്ട്രേലിയയ്ക്കായി സ്പിന്നർ ആദം സാംപ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 276 റണ്‍സിന് ഓൾ ഔട്ടാവുകയായിരുന്നു.
ഓസ്ട്രേലിയയ്ക്കായി ഓപ്പണർ ഡേവിഡ് വാർണർ അർധസെഞ്ചുറി നേടി. 53 പന്തിൽ 52 റണ്‍സെടുത്ത വാർണറാണ് ടോപ്പ് സ്കോറർ. സ്റ്റീവ് സ്മിത്ത് 50 പന്തിൽ പന്തിൽ 41 റണ്‍സും നേടി. ഇരുവരും ചേർന്ന് 94 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയർത്തു.
മാർനസ് ലാബുഷാഗ്നെ (39), കാമറൂണ്‍ ഗ്രീൻ (31), ജോഷ് ഇംഗ്ലിസ് (45) എന്നിവരും ഓസ്ട്രേലിയയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി പത്ത് ഓവറിൽ 51 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംമ്ര, രവീചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.