പത്തനംതിട്ട: സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കി ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍. പത്തനംതിട്ട പുന്നവേലി സ്വദേശി വി.പി ജയിംസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കേരള അഗ്രികള്‍ച്ചറല്‍ ഫാമിന്‍റെ വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കിയായിരുന്നു തട്ടിപ്പ്.

ഗുണമേന്മയുള്ള കാര്‍ഷിക വിളകള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. കേരളത്തില്‍ പലയിടത്ത് നിന്നുമുള്ള ആളുകളില്‍ നിന്നും ഇയാള്‍ ഈ പേരില്‍ പണം വാങ്ങിയിരുന്നു. വ്യാജ തിരിച്ചറില്‍ രേഖ വച്ച് വാട്‌സാപ്പ് വഴിയും അല്ലാതെയും ആളുകളെ പരിചയപ്പെട്ട ശേഷം കാര്‍ഷിക വിളകള്‍ വാഗ്ദാനം ചെയ്യും.

ഇതില്‍ മലേഷ്യന്‍ തെങ്ങിന്‍ തൈകള്‍ വരെ നല്‍കാമെന്ന് ഇയാള്‍ ആളുകളെ അറിയിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. മലേഷ്യന്‍ തൈ വാഗ്ദാനം ചെയ്ത് പെരുമ്പട്ടി സ്വദേശിയില്‍ നിന്നും അറുപത് ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയത്. തിരുവല്ല വേങ്ങല്‍ സ്വദേശിയില്‍ നിന്നും ആറ് ലക്ഷത്തിലേറെ രൂപയാണ് ഇയാള്‍ വാങ്ങി.

തെങ്ങ്, പ്ലാവ്, ജാതി, റംബുട്ടാന്‍ എന്നിവ തുടങ്ങി പല തൈകളും തരാമെന്ന് പറഞ്ഞ് പല ജില്ലകളിലെ ആളുകളില്‍ നിന്നും ഇയാള്‍ പണം തട്ടിയിരുന്നു. ഇയാള്‍ ഈ പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നും പതിവായി ഭാഗ്യക്കുറി എടുക്കുന്നയാളാണ് ജയിംസെന്നും പോലീസ് വ്യക്തമാക്കി.

ഇതിനോടകം ഏകദേശം ഒരു കോടി 20 ലക്ഷം രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് സൂചന. ജയിംസിനെ തിരുവല്ല കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.