ഇഡിക്ക് ബലപ്രയോഗം നടത്താൻ അധികാരമില്ലെന്ന് എം.വി. ഗോവിന്ദൻ
Saturday, September 23, 2023 8:11 PM IST
തൃശൂർ: കേന്ദ്രത്തിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇഡിക്ക് ബലപ്രയോഗം നടത്താൻ അധികാരമില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. ഇഡിയെ ഉപയോഗിച്ച് തൃശൂരിലെ സിപിഎമ്മിനെ തകർക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂരിലേത് സിപിഎം കൊള്ളയെന്ന് വരുത്താനുള്ള നീക്കം തുറന്നുകാട്ടും. സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം. ഇഡിയുടെ അജൻഡയ്ക്ക് അനുസരിച്ച് മാധ്യമങ്ങൾ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഒരു തരത്തിലും അംഗീകരിക്കുന്നില്ല. ഒരു തെറ്റിനെയും പൂഴ്ത്തിവയ്ക്കാനില്ല. തെറ്റ് തിരുത്തൽ നടപടിയെടുത്തുവെന്നും ഗോവിന്ദൻ പറഞ്ഞു.