ഏഷ്യന്‍ ഗെയിംസില്‍ രണ്ടാം സ്വര്‍ണം; ക്രിക്കറ്റില്‍ കിരീടം ചൂടി ഇന്ത്യന്‍ വനിതകള്‍
Monday, September 25, 2023 4:23 PM IST
ഹാങ്ഝൗ: ഏഷ്യന്‍ ഗെയിംസിലെ വനിതാ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്താണ് നേട്ടം. 19 റണ്‍സിന്റെ വിജയമാണ് ഇന്ത്യ ലങ്കയ്ക്കെതിരേ നേടിയത്. ടീമില്‍ മലയാളി താരം മിന്നുമണിയും അംഗമാണ്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് മാത്രമാണ് നേടാനായത്.
ബാറ്റിംഗിൽ ഇന്ത്യയ്ക്ക് ഷഫാലി വര്‍മയെ ആദ്യംതന്നെ നഷ്ടമായി. എങ്കിലും രണ്ടാം വിക്കറ്റില്‍ സ്മൃതി മന്ദാന, ജമീമ റോഡ്രിഗസ് എന്നിവര്‍ ഒന്നിച്ചതോടെ ഇന്ത്യ മുന്നേറി. ഇരുവരും ചേര്‍ന്ന രണ്ടാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
മന്ദാന 46 റണ്‍സ് നേടി പുറത്തായി. പിന്നാലെ എത്തിയ റിച്ച ഘോഷ് ഒമ്പത്, കാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ രണ്ട്, പൂജ വസ്ത്രേക്കര്‍ രണ്ട് എന്നിവര്‍ വന്നപോലെ മടങ്ങി. അവസാന അഞ്ച് ഓവറില്‍ 17 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാന്‍ കഴിഞ്ഞത്. ജമീമ റോഡ്രിഗസ് 42 റണ്‍സിന് പുറത്തായതോടെ ഇന്ത്യ ഏഴിന് 116 റണ്‍സില്‍ ഒതുങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയും തകര്‍ച്ച നേരിട്ടു. 15 റണ്‍സ് എടുക്കുന്നതിനിടെ അവരുടെ മൂന്നുപേര്‍ ഡ്രസിംഗ് റൂമില്തിരിച്ചെത്തി. പേസര്‍ ടിറ്റാസ് സാധുവാണ് മൂന്ന് വിക്കറ്റും വീഴ്ത്തിയത്.
പിന്നീട് ലങ്കന്‍ സ്കോറിംഗ് മന്ദഗതിയിലായി. ആഞ്ഞടിക്കാന്‍ ശ്രമിച്ചപ്പോള്‍ വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. ഒടുവില്‍ എട്ട്വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് നേടാനേ ശ്രീലങ്കയ്ക്ക് കഴിഞ്ഞുള്ളു.
നേരത്തെ, ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ റൈഫിൾ ടീം വിഭാഗത്തിൽ ഇന്ത്യ ആദ്യ സ്വർണം കരസ്ഥമാക്കിയിരുന്നു. രുദ്രാംക്ഷ് പാട്ടിൽ, ഐഷ്വാരി പ്രതാപ് സിംഗ് തോമർ, ദിവ്യാൻഷ് പൻവർ എന്നിവരാണ് സ്വർണം കരസ്ഥമാക്കിയത്.