ഷാരോണ്‍ വധക്കേസ്: പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
Monday, September 25, 2023 4:41 PM IST
കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ വിചാരണ നീളാനുള്ള സാധ്യത കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കേസിലെ മറ്റ് പ്രതികളായ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം, കൊലപാതകം നടന്നത് തമിഴ്നാട് അതിര്‍ത്തിയിലായതിനാല്‍ കേരളത്തിലെ കോടതികള്‍ക്ക് കേസില്‍ വിചാരണ നടത്താന്‍ കഴിയില്ലെന്ന വാദം പ്രതിഭാഗം നേരത്തേ കോടതിയില്‍ ഉയര്‍ത്തിയിരുന്നു. വിചാരണ എവിടെ നടത്തണമെന്ന കാര്യത്തില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.
കഷായത്തില്‍ വിഷം കലര്‍ത്തി പ്രതി ആണ്‍സുഹൃത്തായ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകം. കേസിൽ കഴിഞ്ഞവർഷം ഒക്ടോബര്‍ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്.