"മോദിയുടെ കൈയിൽ രഹസ്യ റിമോട്ട് കൺട്രോൾ; കരാറുകൾ അദാനിക്ക് മറിച്ചുകൊടുക്കുന്നു'
Monday, September 25, 2023 5:38 PM IST
റായ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദി രഹസ്യ റിമോട്ട് കൺട്രോളിലൂടെ രാജ്യത്തെ പല പദ്ധതികളുടെയും കരാറുകൾ ഇഷ്ടക്കാർക്ക് മറിച്ചുകൊടുക്കുകയാണെന്ന് ആക്ഷേപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ഛത്തിസ്ഗഡ് സർക്കാർ നടപ്പിലാക്കുന്ന "ഗ്രാമീൺ ആവാസ് ന്യായ് യോജന' പദ്ധതിയുടെ ഉദ്ഘാടനം റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിർവഹിച്ചതിന് ശേഷമാണ് രാഹുൽ ഈ പ്രസ്താവന നടത്തിയത്.
പരിപാടി ഉദ്ഘാടനം ചെയ്യാൻ ഉപയോഗിച്ച റിമോട്ട് ഉയർത്തിക്കാട്ടിയ രാഹുൽ, മോദിയുടെ പക്കൽ ഒരു റിമോട്ട് കൺട്രോൾ ഉണ്ടെന്നും അത് അദ്ദേഹം സ്വകാര്യമായി ഉപയോഗിച്ച് കരാറുകൾ അദാനി അടക്കമുള്ളവർക്ക് നൽകുകയാണെന്നും പറഞ്ഞു.
മോദി രഹസ്യ റിമോട്ട് ഞെക്കിയതിന് പിന്നാലെ പൊതുമേഖലയിലുള്ള മുംബൈ വിമാനത്താവളം സ്വകാര്യ വ്യക്തിയുടെ കൈകളിലേക്ക് എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, കോണ്‍ഗ്രസ് പാര്‍ട്ടി തുരുമ്പെടുത്ത ഇരുമ്പിന് സമാനമെന്ന് മോദി പരിഹസച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നവരാണെന്നും അവര്‍ക്ക് പാവപ്പെട്ടവരുടെ ജീവിതം സാഹസിക ടൂറിസമാണെന്നും മോദി പറഞ്ഞു.