സ്വിഫ്റ്റിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണം; ചില ജീവനക്കാർക്ക് ചിറ്റമ്മനയമെന്ന് ആന്റണി രാജു
Monday, September 25, 2023 5:54 PM IST
തിരുവനനന്തപുരം: സ്വിഫ്റ്റ് സർവീസിനോട് വിവേചനം അരുതെന്നും കെഎസ്ആർടിസിയെ രക്ഷിക്കാനും മെച്ചപ്പെടുത്താനുമാണ് സ്വിഫ്റ്റ് സർവീസുകൾ തുടങ്ങിയതെന്ന് മനസിലാക്കണമെന്നും ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന് (സിഐടിയു) സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വിഫ്റ്റിന്റെ മുഴുവന്‍ ആസ്തിയും 10 വര്‍ഷം കഴിയുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് മടക്കിനല്‍കണമെന്നാണ് വ്യവസ്ഥ. അതിനാൽ തന്നെ സ്വിഫ്റ്റിന്റെ വളർച്ച ഗുണകരമാകുന്നത് കെഎസ്ആർടിസിയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.
സമാന്തര സംവിധാനമായി സ്വിഫ്റ്റ് വളർന്നു വന്നാൽ മാത്രമേ കെഎസ്ആർടിസി ജീവനക്കാരുടെ ഭാവി സുരക്ഷിതമാവുകയുള്ളൂ എന്നും അതിനാൽ സ്വിഫ്റ്റിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണമെന്നും ആന്റണി രാജു പറഞ്ഞു.
ചില ബസ് സ്റ്റാന്‍ഡുകളിലേക്ക് സ്വിഫ്റ്റ് ബസുകള്‍ വരുമ്പോള്‍ ചിറ്റമ്മനയം പുലര്‍ത്തുന്ന ജീവനക്കാരുണ്ട്. അങ്ങനെയാകരുത്. രണ്ടും ഒരമ്മയുടെ മക്കളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.