നാട്ടകത്തെ വെടി നിര്‍ത്തി, ഇനി അടൂരില്‍
Monday, September 25, 2023 8:19 PM IST
കോട്ടയം: നാട്ടകത്തെ പോലീസിന്റെ വെടിവയ്പ് പരിശീലനം നിര്‍ത്തി. കഴിഞ്ഞ ശനിയാഴ്ച നാട്ടകം പോളിടെക്നിക്കിന് പിന് വശത്തുള്ള ഷൂട്ടിംഗ് പരിശീലന കേന്ദ്രത്തില്‍ നിന്നു വെടിയുണ്ട ഉന്നം തെറ്റി സമീപത്തെ വീടിന്റെ ജനല്‍ചില്ല് തകര്‍ത്തിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് വെടിവയ്പ് പരിശീലനം നിര്‍ത്താനും വെടിയുണ്ട ഉന്നം തെറ്റിയതു സംബന്ധിച്ച് അന്വേഷണം നടത്താനും ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് തീരുമാനിച്ചത്.
അടൂരിലുള്ള പോലീസ് എആര്‍ ക്യാമ്പിനോടനുബന്ധിച്ചുള്ള സ്ഥലത്ത് ഷൂട്ടിംഗ് പരിശീലനം നടത്താനും തീരുമാനമായിട്ടുണ്ട്. നാട്ടകത്തെ ഷൂട്ടിംഗ് പരിശീലന കേന്ദ്രത്തിനു സമീപമുള്ള ബിന്ദു നഗറില്‍ സോണിയുടെ വീടിന്റെ ജനല്‍ ചില്ലാണ് തകര്‍ത്തത്.
ഈ സമയം സോണിയുടെ മകള്‍ മുറിക്കുള്ളില്‍ ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് കുട്ടി വീട്ടുകാരെ വിളിച്ചതിനെത്തുടര്‍ന്ന് അമ്മയെത്തിയപ്പോഴാണ് വെടിയുണ്ട ചില്ല് തകര്‍ത്ത് മുറിക്കുള്ളില്‍ കിടക്കുന്നത് കണ്ടത്.
സംഭവത്തെ തുടര്‍ന്ന് ചിങ്ങവനം പോലീസില്‍ വിളിച്ചറിയച്ചതിനെത്തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തിയിരുന്നു. രണ്ട് വര്‍ഷം മുന്‍പ് പരിശീലനത്തിനിടെ ഉന്നം തെറ്റി വെടിയുണ്ട എംസി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബജാജ് ഷോറൂമിന്റെ വാതിലിലെ ഗ്ലാസില്‍ കൊണ്ടിരുന്നു.
അന്ന് പലരും അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇവിടുത്തെ പരിശീലന കേന്ദ്രത്തിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അധികൃതര്‍ അവയൊക്കെ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.