ലോക്സഭയിലെ വർഗീയ പരാമർശം: രമേശ് ബിധുരി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി
Tuesday, September 26, 2023 1:38 AM IST
ന്യൂഡൽഹി: ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരായ വർഗീയ പരാമർശ വിവാദത്തിനു പിന്നാലെ ബിജെപി എംപി രമേശ് ബിധുരി പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.
വിവാദ പരാമർശത്തിൽ ബിധുരിക്ക് ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ബിധുരിയെ പാർലമെന്റിൽനിന്ന് സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയിട്ടുണ്ടെങ്കിലും ബിജെപിയിൽനിന്ന് പ്രതികരണമുണ്ടായിട്ടില്ല.
ഡാനിഷ് അലി ഭീകരവാദിയാണെന്ന് പറഞ്ഞാണ് ബിധുരി അദ്ദേഹത്തെ അധിക്ഷേപിച്ചത്. സംഭവം വിവാദമായതോടെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.