ഭീകരർ കാനഡയിൽ സുരക്ഷിത താവളം കണ്ടെത്തുന്നുവെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി
Tuesday, September 26, 2023 6:36 AM IST
കൊളംബോ: ഭീകരർ കാനഡയിൽ സുരക്ഷിത താവളം കണ്ടെത്തുന്നുവെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി. ഇന്ത്യ-കാനഡ നയതന്ത്ര തർക്കവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം കാനഡയ്ക്കെതിരെ വിമർശനം നടത്തിയത്.
വടക്കേ അമേരിക്കൻ രാജ്യത്ത് ഭീകരർ സുരക്ഷിത താവളം കണ്ടെത്തിയെന്നും കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്ക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യാതൊരു തെളിവുകളൊന്നുമില്ലാതെയാണ് ജസ്റ്റിൻ ട്രൂഡോ അതിരുകടന്ന ചില ആരോപണങ്ങൾ നടത്തിയിരിക്കുന്നത്. ശ്രീലങ്കയ്ക്ക് നേരെയും സമാന ആരോപണം കാനഡ ഉന്നയിച്ചിട്ടുണ്ട്. ശ്രീലങ്കയിൽ വംശഹത്യ നടന്നുവെന്നായിരുന്നു ആ ആരോപണം. എന്നാൽ ശ്രീലങ്കയിൽ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് എല്ലാവർക്കും അറിയാമെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
ഒരു പരമാധികാര രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും അദ്ദേഹം കനേഡിയൻ പ്രധാനമന്ത്രിയെ ഉപദേശിച്ചു.
നേരത്തെ, ശ്രീലങ്കയിലെ മുൻകാല സംഘർഷവുമായി ബന്ധപ്പെട്ട് വംശഹത്യ നടന്നിരുന്നുവെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അവകാശപ്പെട്ടിരുന്നു.
എന്നാൽ, ഒരു രാജ്യത്തിന്റെ നേതാവിന്റെ ഭാഗത്തു നിന്നും നിരുത്തരവാദപരവും ധ്രുവീകരണപരവുമായ പ്രഖ്യാപനങ്ങൾ സമാധാനവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കുന്നതിന് പകരം കാനഡയിലും ശ്രീലങ്കയിലും പൊരുത്തക്കേടും വിദ്വേഷവും വളർത്തുന്നുവെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.