വ്യാപാരിയുടെ ആത്മഹത്യ; ബാങ്കിനു മുന്നിൽ മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം
Tuesday, September 26, 2023 12:39 PM IST
കോട്ടയം: കുടിശിക മുടങ്ങിയതിനെ തുടർന്ന് ബാങ്കിലെ ജീവനക്കാരിൽ നിന്നും നിരന്തര ഭീഷണി നേരിട്ടതിൽ മനംനൊന്ത് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ ബാങ്കിനു മുന്നിൽ മൃതദേഹമായി പ്രതിഷേധിച്ച് കുടുംബം.
അയ്മനം സ്വദേശി ബിനുവാണ് ബാങ്കിൽ നിന്നുള്ള ഭീഷണിയെ തുടർന്ന് തിങ്കളാഴ്ച ജീവനൊടുക്കിയത്.
ബിനുവിന്റെ ഭാര്യയും രണ്ട് പെൺമക്കളുമാണ് മൃതദേഹത്തിനൊപ്പം നാഗന്പടം റെയിൽവേ സ്റ്റേഷൻ റോഡിലെ ബാങ്കിന് മുന്നിലെത്തി പ്രതിഷേധിച്ചത്. കളക്ടറോ എസ്പിയോ സ്ഥലത്ത് എത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
കർണാടക ബാങ്ക് ജീവനക്കാരുടെ നിരന്തര ഭീഷണിയെതുടർന്നാണ് വ്യാപാരിയായ ബിനു ജീവനൊടുക്കിയതെന്നാണ് ബിനുവിന്റെ കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത്.
രണ്ടു മാസത്തെ കുടിശിക നൽകാൻ ബാക്കിയുണ്ടായിരുന്നതിനാൽ ബാങ്ക് ജീവനക്കാർ നിരന്തരം കടയിലെത്തി ബിനുവിനെ ഭീഷണിപ്പെടുത്തിയിരുന്നു. ബാങ്ക് മാനേജറായ പ്രദീപിൽ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
കോട്ടയം കുടയംപടിയിൽ ക്യാറ്റ് വാക്ക് എന്ന പേരിൽ ചെരുപ്പ് കട നടത്തുകയായിരുന്നു ബിനു. നാഗമ്പടത്തെ കർണാടക ബാങ്കിൽനിന്ന് വ്യാപാര ആവശ്യത്തിനായി ഇദ്ദേഹം അഞ്ചുലക്ഷം രൂപ വായ്പ എടുത്തിരുന്നു.
ഇതിനു മുൻപും ഇതേ ബാങ്കിൽ നിന്നും വായ്പ എടുത്ത ബിനു കൃത്യമായി മുഴുവൻ തുകയും അടച്ചു തീർത്തിരുന്നു.
തിങ്കളാഴ്ച രാവിലെയും ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ബാങ്കിൽ നിന്നുള്ള ജീവനക്കാർ എത്തി ഭീഷണിപ്പെടുത്തുകയും മേശവലിപ്പിൽ നിന്ന് പണം എടുക്കുകയും ചെയ്തുവെന്നും കുടുംബം ആരോപിക്കുന്നു.