കാസർഗോട്ട് ഗൃഹനാഥൻ മരിച്ച സംഭവം; ബന്ധു കസ്റ്റഡിയിൽ
Tuesday, September 26, 2023 12:52 PM IST
കാസർഗോഡ്: തൃക്കരിപ്പൂരിൽ ഗൃഹനാഥൻ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. മരിച്ച കെ.വി. ബാലകൃഷ്ണന്റെ മകളുടെ ഭർത്താവ് രജീഷാണ് ചന്തേര പോലീസിന്റെ കസ്റ്റഡിയിലുള്ളത്. വെൽഡിംഗ് തൊഴിലാളിയാണ് മരിച്ച ബാലകൃഷ്ണൻ.
വടക്കേ കൊവ്വൽ-പരത്തിച്ചാൽ റെയിൽവേ ട്രാക്കിനടുത്തുള്ള വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ ചോര വാർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
വീട്ടിൽ തനിച്ചു താമസിച്ചു വരികയായിരുന്നു ബാലകൃഷ്ണൻ. മകളുടെ ഭർത്താവ് രജീഷ് തന്നെ ആക്രമിച്ചതായി പുലർച്ചെ പേക്കടത്തുള്ള സാമൂഹ്യ പ്രവർത്തകനെ ബാലകൃഷ്ണൻ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു.
എന്നാൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇന്ന് രാവിലെയാണ് ബാലകൃഷ്ണന്റെ വീടിന് സമീപത്ത് താമസിച്ചിരുന്ന സഹോദരൻ വീടിന് പുറത്ത് രക്തക്കറ കണ്ടതിനെ തുടർന്ന് ചന്തേര പോലീസിനെ വിവരം അറിയിച്ചത്.
തുടർന്ന് പോലീസെത്തി വാതിൽ തുറന്നപ്പോഴാണ് മുറിയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് പിന്നിൽ അടിയേറ്റ് ചോര വാർന്നാണ് മരണം സംഭവിച്ചത്.
വസ്തു വിൽപനയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഇവിടെയുണ്ടായിരുന്നുവെന്നും നിരന്തരം കലഹം നടക്കാറുണ്ടെന്നുമാണ് പരിസരവാസികൾ പറയുന്നത്.