ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നടി വഹീദ റഹ്മാന്
Tuesday, September 26, 2023 1:13 PM IST
ന്യൂഡൽഹി: സിനിമാ മേഖലയിലെ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നടി വഹീദ റഹ്മാന്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
തമിഴ്നാട്ടിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തിൽ ജനിച്ചുവളർന്ന് ബോളിവുഡിന്റെ സ്വപ്നനായികമാരിൽ ഒരാളായി മാറിയ അഭിനേത്രിയാണ് വഹീദ.
ആദ്യചിത്രത്തിൽ തന്നെ ഒരു ഐറ്റം നമ്പറിൽ നർത്തകിയായി പ്രത്യക്ഷപ്പെട്ട വഹീദ സമുദായത്തിന്റെ വിലക്കുകളെ മറികടന്നാണ് നർത്തകിയായും അഭിനേത്രിയായും തിളങ്ങിയത്.
തമിഴ്നാട്ടിലെ ചെങ്കൽപേട്ട് എന്ന സ്ഥലത്ത് ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് വഹീദ ജനിച്ചത്. തെലുങ്കിലെ ജൈ സിംഹ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.
1956ൽ രാജ് ഘോസ്ല സംവിധാനം ചെയ്ത സിഐഡി എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡ് അരങ്ങേറ്റം. വൻ വിജയമായ ഈ ചിത്രത്തിന് പിന്നാലെ വഹീദയും ബോളിവുഡിന്റെ അഭ്രപാളിയിൽ ഇടം നേടി.
തുടർന്ന് നിരവധി ചിത്രങ്ങൾ. 1965 ൽ ഗൈഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.
1991 ലെ ലംഹേ എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം വഹീദ ചലച്ചിത്ര രംഗം വിട്ടു. പിന്നീട് 2002ൽ പുറത്തിറങ്ങിയ ഓം ജൈ ജഗദീശ് എന്ന ചിത്രത്തിലൂടെ തിരികെയെത്തി. 1972ൽ പദ്മശ്രീയും 2011 ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു.