വീണ്ടും മഴ കനക്കുമെന്ന് മുന്നറിയിപ്പ്; ഒൻപത് ജില്ലകളിൽ മഞ്ഞ അലർട്ട്
Tuesday, September 26, 2023 2:58 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക്-കിഴക്കൻ ജാർഖണ്ഡിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് വീണ്ടും മഴ കനക്കാൻ കാരണം. കോമോറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതചുഴിയും രൂപപ്പെട്ടിട്ടുണ്ട്.
മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് ഒൻപത് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്താകെ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.