വിദേശനിര്‍മിത വിദേശമദ്യത്തിന്റെ വില ഉയരും; ഒക്ടോബർ മൂന്ന് മുതൽ
Tuesday, September 26, 2023 3:36 PM IST
തിരുവനന്തപുരം: ബെവ്കോ ലാഭവിഹിതം ഉയര്‍ത്തിയതു മൂലം വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില 12 ശതമാനം വരെ ഉയരും. ഒക്ടോബര്‍ മൂന്നിന് പുതിയ വില പ്രാബല്യത്തില്‍ വരും. ഇനി 2,500-ൽ താഴെ വിലയുള്ള ബ്രാൻഡ് ഉണ്ടാകില്ല.
നിലവിൽ 1,800 രൂപ മുതലാണ് കേരളത്തിൽ വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില. മദ്യകമ്പനികള്‍ നല്‍കേണ്ട വെയര്‍ഹൗസ് മാര്‍ജിന്‍ അഞ്ച് ശതമാനത്തില്‍നിന്നു 14 ശതമാനമായും ഷോപ്പ് മാര്‍ജിന്‍ 20 ശതമാനമായും ഉയര്‍ത്താനാണ് ബെവ്കോയുടെ ശിപാര്‍ശ പ്രകാരം സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ വെയര്‍ഹൗസ് മാര്‍ജിന്‍ 14 ശതമാനമാക്കിയെങ്കിലും ഷോപ്പ് മാര്‍ജിന്‍ ആറ് ശതമാനം മതിയെന്നാണ് ബെവ്കോ ഭരണസമിതി യോഗം തീരുമാനിച്ചത്. കുപ്പിക്ക് 11-12 ശതമാനം വരെ വില വർധിക്കും.
ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്ക്കുമ്പോള് വെയര്‍ഹൗസ് മാര്‍ജിനായി ഒൻപത് ശതമാനവും ഷോപ്പ് മാര്‍ജിനായി 20 ശതമാനവും ബെവ്കോയ്ക്ക് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശനിര്‍മിത വിദേശ മദ്യത്തിന്റെ മാര്‍ജിന്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്.