കരുവന്നൂർ തട്ടിപ്പ്; മുൻ ബാങ്ക് അക്കൗണ്ടന്റ് അറസ്റ്റിൽ
Tuesday, September 26, 2023 5:23 PM IST
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പങ്കാളിയെന്ന് സംശയിക്കപ്പെടുന്ന ബാങ്കിലെ മുൻ അക്കൗണ്ടന്റ് ജിൽസ് അറസ്റ്റിൽ. ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയ ജിൽസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഇഡി സ്ഥിരീകരിച്ചു.
കരുവന്നൂർ തട്ടിപ്പ് കേസിൽ ഇഡി ഇന്ന് നടത്തുന്ന രണ്ടാമത്തെ അറസ്റ്റ് ആണിത്. നേരത്തെ, സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.ആർ. അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും ഉടൻ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
ജിൽസിനൊപ്പം തൃശൂർ സഹകരണ ബാങ്ക് സെക്രട്ടറി എൻ.ബി. ബിനു, കരുവന്നൂർ തട്ടിപ്പുകേസിലെ മുഖ്യപ്രതി സതീശ് കുമാറിന്റെ ഭാര്യ ബിന്ദു എന്നിവരെയും ചോദ്യംചെയ്യലിനായി ഇഡി ഇന്ന് വിളിച്ചുവരുത്തിയിരുന്നു.
കരുവന്നൂർ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത്. സതീഷ്കുമാറിന്റെ അടുത്ത സുഹൃത്തായ അരവിന്ദാക്ഷൻ പണമിടപാടിലെ ഇടനിലക്കാരൻകൂടിയായിരുന്നു.
നേരത്തെ, ചോദ്യംചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ തന്നെ മർദിച്ചെന്ന് അരവിന്ദാക്ഷൻ പരാതി ഉന്നയിച്ചിരുന്നു. ഇതിൽ പോലീസിൽ പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും എംഎൽഎയുമായ എ.സി. മൊയ്തീൻ, സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ എ.കെ. കണ്ണൻ എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു.