മൂന്നാം ഏകദിനം;ബംഗ്ലാദേശിനെ ഏഴുവിക്കറ്റിന് തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കി ന്യൂസിലന്‍ഡ്
Tuesday, September 26, 2023 9:02 PM IST
ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ന്യൂസിലന്‍ഡിന് ഏഴു വിക്കറ്റ് ജയം. ഇതോടെ ഏകദിന പരമ്പര 2-0ന് അവര്‍ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 34.3 ഓവറില്‍ 171ന് പുറത്താകുകയായിരുന്നു. വിജയലക്ഷ്യം 34.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് മറികടന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനായി 76 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ഷാന്റോയ്ക്ക് മാത്രമാണ് തിളങ്ങാനായത്. 21 റണ്‍സെടുത്ത മഹമ്മദുള്ളയാണ് രണ്ടാമത്തെ ടോപ് സ്കോറര്‍. ന്യൂസിലന്‍ഡിനായി ആദം മില്‍നെ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ട്രെന്‍ഡ് ബോള്‍ട്ട്, കോള്‍ മക്കോഞ്ചി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. ക്യാപ്റ്റന്‍ ലോക്കി ഫെര്‍ഗൂസനും രചിന് രവീന്ദ്രയ്ക്കുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിനായി ഓപ്പണര്‍ വില്‍ യംഗ്(70), ഹെൻറി നിക്കോള്‍സ്(50 നോട്ടൗട്ട്) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഷൊറിഫുള്‍ ഇസ്ലാം രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നാസും അഹമ്മദിനാണ് അവശേഷിച്ച വിക്കറ്റ്.
പരമ്പരയിലെ ആദ്യമത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തിൽ 86 റണ്‍സിനായിരുന്നു ന്യൂസിലന്‍ഡിന്റെ വിജയം. വിൽ യംഗ് മത്സരത്തിലെ താരമായപ്പോൾ ഹെൻറി നിക്കോൾസ് പരന്പരയിലെ താരമായി.