വയനാട് പനവല്ലിയെ വിറപ്പിച്ച കടുവ പിടിയിൽ
Tuesday, September 26, 2023 9:27 PM IST
കൽപ്പറ്റ: വയനാട് തിരുനെല്ലി പഞ്ചായത്തിൽപ്പെട്ട പനവല്ലിയിലും സമീപപ്രദേശങ്ങളിലും ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന കടുവ പിടിയിൽ. വനംവകുപ്പ് സ്ഥാപിച്ചിരുന്ന കെണിയിൽ രാത്രി എട്ടോടെയാണ് കടുവ അകപ്പെട്ടത്.
ദിവസങ്ങളായി കൂട് തയാറാക്കി അധികൃതർ കാത്തിരുന്നെങ്കിലും കടുവയെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇതിനിടെ അപ്രതീക്ഷിതമായി ആണ് കടുവ കെണിയിലായത്.
പ്രാഥമിക വൈദ്യ പരിശോധനകൾ നടത്തിയ ശേഷം കടുവയെ മുത്തങ്ങ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു.
സെപ്റ്റംബർ 22-ന് പനവല്ലി പുഴക്കര കോളനിയിലെ കയമ എന്നയാളുടെ വീട്ടിനുള്ളിൽ കടുവ കയറിയതോടെ ജനങ്ങൾ ആശങ്കയിലായിരുന്നു. കയമയുടെ വീട്ടിലുണ്ടായിരുന്നവർ കടുവ വരുന്നതുകണ്ട് മച്ചിന് മുകളിൽ കയറിയതിനാലാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ഈ സംഭവത്തിന് പിന്നാലെയാണ് കടുവയെ പിടികൂടുന്നതിനായി ആദണ്ട, സർവാണി, പുഴക്കര എന്നിവിടങ്ങളിലായി വനംവകുപ്പ് മൂന്നു കൂടുകൾ സ്ഥാപിച്ചത്.