പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ട മൃതദേഹങ്ങള്‍ ഇന്ന് രാവിലെ പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. വൈദ്യുതക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചവരുടെ മൃതദേഹങ്ങളാണെന്നാണ് സംശയം. ഇതേത്തുടര്‍ന്ന് സ്ഥലം ഉടമ ആനന്ദ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇയാള്‍ തന്നെ പാടത്ത് കുഴിയെടുത്ത് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായി സമ്മതിച്ചു. പന്നിക്ക് വെച്ച കെണിയിൽ യുവാക്കൾ വീഴുകയായിരുന്നുവെന്ന് ഇയാൾ മൊഴി നൽകി. ഞായറാഴ്ച കൊട്ടേക്കാട് ഭാഗത്തു നിന്ന് കാണാതായ സതീഷ്(22),സുജിത്(22) എന്നീ യുവാക്കളുടേതാണ് മൃതദേഹങ്ങള്‍ എന്നാണ് സൂചന.

പ്രദേശത്ത് രണ്ടുദിവസം മുന്‍പ് ഒരു സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഈ യുവാക്കളും അഭിന്‍, അജിത് എന്നീ സുഹൃത്തുക്കളും സതീഷിന്‍റെ കരിങ്കലപ്പുള്ളിയിലെ ബന്ധുവീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു.

ഇതിന് ശേഷം തിങ്കളാഴ്ച പുലര്‍ച്ചെ പോലീസ് തങ്ങളെ തേടിയെത്തുന്നുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഇവര്‍ മറ്റൊരിടത്തേക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെയാകാം അത്യാഹിതം സംഭവിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അഭിനും അജിത്തും വേനോലിയില്‍ എത്തിയെങ്കിലും സതീഷിനെയും സുജിത്തിനെയും കാണാഞ്ഞതോടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഫോണിലും ഇവരെ കിട്ടാതെ വന്നതോടെ കസബ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.