കരിങ്കരപ്പുള്ളിയില്‍ മരിച്ചത് കാണാതായ യുവാക്കള്‍ തന്നെ; മൃതദേഹങ്ങള്‍ പുറത്തെടുത്തു
കരിങ്കരപ്പുള്ളിയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു. ഇൻസെറ്റിൽ മരിച്ച സതീഷും ഷിജിത്തും.
Wednesday, September 27, 2023 9:21 AM IST
പാലക്കാട്: കരിങ്കരപ്പുള്ളിയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങൾ കാണാതായ യുവാക്കളുടേതെന്നു സ്ഥിരീകരിച്ചു. പന്നിക്ക് വച്ച വൈദ്യുതി കെണിയില്‍പ്പെട്ടാണ് ഇരുവരും മരിച്ചതെന്നും താൻ കുടുക്കിലാകുമെന്ന പരിഭ്രാന്തിയിൽ മൃതദേഹങ്ങൾ കുഴിച്ചിടുകയായിരുന്നുവെന്നും സ്ഥലമുടമ സമ്മതിച്ചു.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് കൊടുമ്പ് കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപം പാടത്ത് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. പുതുശേരി കാളാണ്ടിത്തറയിൽ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നിവരാണു മരിച്ചത്.
പിന്നാലെ സ്ഥലമുടമയായ അമ്പലപ്പറമ്പ് അനന്തൻ (52) പോലീസ് കസ്റ്റഡിയിലായി. നിരന്തരമായ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. പ്രതികളുടെ വസ്ത്രങ്ങളും മൊബൈൽ ഫോണുകളും സമീപത്തെ കുളത്തിൽ ഉപേക്ഷിക്കുകയും ചെയ്തുവെന്നും ഇയാൾ സമ്മതിച്ചു. സംഭവത്തിൽ മറ്റു ആർക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ആർഡിഒയുടെ സാന്നിധ്യത്തിൽ ഇന്നുരാവിലെ പുറത്തെടുത്ത മൃതദേഹം ഇൻക്വിസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം തന്നെ ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു.
ഞായറാഴ്ച രാത്രി വേനോലിയിൽ ഒരു സംഘവുമായുണ്ടായ സംഘട്ടനത്തെത്തുടർന്നു സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ കസബ പോലീസ് കേസെടുത്തിരുന്നു. അന്വേഷണം നടക്കുന്നതിനിടെ നാലുപേരും അമ്പലപ്പറമ്പിൽ സതീഷിന്റെ ബന്ധുവീട്ടിലെത്തിയിരുന്നു. ഇതിനിടെ പോലീസ് സ്ഥലത്തെത്തിയെന്നു ഭയന്ന് ചൊവ്വാഴ്ച പുലർച്ചെ ഇവർ ബന്ധുവീട്ടിൽ നിന്നു പാടത്തേക്കിറങ്ങിയോടി.
അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു ദിക്കിലേക്കുമാണ് ഓടിയത്. ഇതിന്റെ സിസിടവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അഭിനും അജിത്തും പിന്നീട് വേനോലിയിൽ എത്തിയെങ്കിലും സതീഷിനെയും ഷിജിത്തിനെയും കണ്ടെത്താനായില്ല. ഫോൺ വിളിച്ചപ്പോഴും ലഭിച്ചില്ല. ഇതോടെ അഭിനും, അജിത്തും കസബ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
പോലീസ് സംഘം പരിസരത്തു നടത്തിയ തെരിച്ചിലിലാണു പാടത്തു മണ്ണ് ഇളകിയ നിലയിൽ കണ്ടെത്തിയത്. മണ്ണു നീക്കിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്ഥലമുടമയെ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങൾ വ്യക്തമായിത്.
കാട്ടുപന്നിയെ കുടുക്കാൻ സ്ഥല ഉടമ വച്ച വൈദ്യുതിക്കെണിയിൽപെട്ടാണ് ഇരുവരും മരിച്ചത്. രാവിലെ പാടത്തെത്തിയപ്പോഴാണ് സ്ഥലമുടമയായ അനന്തൻ മൃതദേഹങ്ങൾ കാണുന്നത്. സംഭവം ആരുമറിയാതിരിക്കാൻ പാടത്ത് അഞ്ചടി താഴ്ചയിൽ കുഴിയെടുത്ത് മൃതദേഹങ്ങളുടെ വയർ കീറി ഒന്നിനു മുകളിൽ മറ്റൊന്നായി ഇട്ട് ചവിട്ടി താഴ്ത്തിയശേഷം മണ്ണിട്ടു മൂടുകയായിരുന്നെന്ന് ഉടമ പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
ഇന്നു രാവിലെ മൃതദേഹം പുറത്തെടുത്തപ്പോഴും ശരീരത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല. മരിച്ച ഷിജിത്തിന്റെയും സതീഷിന്റെയും ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അടിപിടി കേസിന്റെ പിന്നാലെ പോലീസ് യുവാക്കളെ പിൻതുടർന്നതാണ് ഇവരുടെ മരണകാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്.