ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം; അഞ്ചാം വെള്ളി
Wednesday, September 27, 2023 9:41 AM IST
ഹാംഗ്ഷു: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം. വനിതകളുടെ 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് സ്വര്‍ണം നേടിയത്. മനു ഭാക്കര്‍, ഇഷ സിംഗ്, റിഥം സാംഗ്വാന് എന്നിവരാണ് ഇന്ത്യയുടെ സ്വര്‍ണമെഡല്‍ നേട്ടത്തിനു പിന്നില്‍. ചൈനയെ പിന്തള്ളിയാണ് വിജയം കരസ്ഥമാക്കിയത്.
1759 പോയിന്റാണ് ഇന്ത്യൻ സംഘം നേടിയത്. 1756 പോയിന്റ് ചൈനീസ് സംഘം സ്വന്തമാക്കി. ദക്ഷിണ കൊറിയയ്ക്കാണ് മൂന്നാം സ്ഥാനം.
നേരത്തെ, വനിതകളുടെ 50 മീറ്റര്‍ ത്രീ പൊസിഷന്‍ ഷൂട്ടിംഗില്‍ വെള്ളിയും ഇന്ത്യ നേടി. ആഷി ചൗക്സി, മണിനി കൗശിക്, സിഫ്റ്റ് കൗര്‍ സംര എന്നവരുടെ ടീം ആണ് വെള്ളി കരസ്ഥമാക്കിയത്. സിഫ്റ്റ് കൗര്‍ സംരയും ആഷി ചൗക്സിയും 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ് വനിതകളുടെ വ്യക്തിഗത ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.
നിലവില്‍ നാല് സ്വര്‍ണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവും അടക്കം 16 മെഡലുകളാണ് ഇന്ത്യ നേടിയിട്ടുള്ളത്.