മദ്യലഹരിയില്‍ ഫ്ലാറ്റിന് തീയിട്ട് വയോധികയെ കൊലപ്പെടുത്താന്‍ ശ്രമം; മകന് കസ്റ്റഡിയില്‍
Wednesday, September 27, 2023 10:35 AM IST
പത്തനംതിട്ട: മദ്യലഹരിയില്‍ ഫ്ലാറ്റിന് തീയിട്ട് വയോധികയെ കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ ഓമന(80) എന്ന സ്ത്രീ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇവരുടെ ഇളയമകന് ജുബിനാണ് ഫ്ലാറ്റിന് തീയിട്ടത്. ഇയാളെ പോലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.
പത്തനംതിട്ട ഓമല്ലൂര്‍ പുത്തന്‍പീടികയിലാണ് സംഭവം. ഫ്ലാറ്റിലെ മെത്തയ്ക്ക് ഇയാള്‍ തീയിടുകയായിരുന്നു. ഇവരുടെ ഫ്ലാറ്റ് പൂര്‍ണമായും കത്തിയ നിലയിലാണ്. അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്.
നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റിലാണ് സംഭവം. തീ പടര്‍ന്നിരുന്നെങ്കില്‍ വലിയ ദുരന്തം ഉണ്ടാകുമായിരുന്നെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
ഇയാള്‍ മദ്യലഹരിയില്‍ വീട്ടിലെത്തി ബഹളം വയ്ക്കുന്നത് പതിവായിരുന്നു. ഇയാള്‍ക്കെതിരെ പരാതി നല്കാന് അച്ഛന് പോലീസ് സ്റ്റേഷനില്‍ എത്തിയ സമയത്തായിരുന്നു അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.