അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നിട്ടുണ്ട്, ഇഡിയെ ഭയമില്ല: എം.കെ.കണ്ണന്
Wednesday, September 27, 2023 11:51 AM IST
തൃശൂര്‍: തനിക്കൊരു ബെനാമി അക്കൗണ്ടുമില്ലെന്ന് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി ചോദ്യം ചെയ്ത സിപിഎം സംസ്ഥാന സമിതി അംഗം എം.കെ.കണ്ണന്.
കരുവന്നൂരും താനും തമ്മിലുള്ള ബന്ധം എന്താണെന്ന് തനിക്ക് മനസിലാകുന്നില്ല. തന്റെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാണെന്നും കണ്ണന് പ്രതികരിച്ചു.
ഇഡി വേട്ടയാടുന്ന വിഐപികളുടെ പട്ടികയില്‍ ഇപ്പോള്‍ താനും ഉള്‍പ്പെട്ടിരിക്കുകയാണ്. ഇഡിയുടെ അറസ്റ്റിനെ താന്‍ ഭയക്കുന്നില്ല. നിരപരാധികളായ പാര്‍ട്ടി പ്രവര്‍ത്തകരെ ഇഡി വേട്ടയാടുകയാണ്.
കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂര്‍ കസ്റ്റഡിയില്‍ ഇരുത്തിയിട്ട് മൂന്ന് മിനിറ്റ് മാത്രമാണ് തന്നെ ചോദ്യം ചെയ്തത്. അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വര്‍ഷം ജയിലില്‍ കിടന്ന ആളാണ് താന്‍. ഇഡിയെ തനിക്ക് ഭയമില്ലെന്നും കണ്ണന് കൂട്ടിച്ചേര്‍ത്തു.
എകെ 47നുമായി വന്ന് ഇഡി ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. മര്‍ദിക്കുന്നത് മാത്രമല്ല പീഡനം. നോട്ടം കൊണ്ടും ആംഗ്യം കൊണ്ടും ഭാഷകൊണ്ടുമൊക്കെയുള്ളതും പീഡനമാണ്. പി.ആര്. അരവിന്ദാക്ഷന്റെ നിക്ഷേപങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും കണ്ണന് പറഞ്ഞു.
തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റും കൂടിയാണ് മുന്‍ എംഎല്‍എയായ കണ്ണന്. തൃശൂര്‍ സഹകരണ ബാങ്കില്‍ ഒരാഴ്ച മുമ്പ് ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.