ലോണ്‍ ആപ്പുകള്‍ ഫോണില്‍നിന്നു നീക്കണമെന്നു പോലീസ്
Wednesday, September 27, 2023 1:19 PM IST
കോഴിക്കോട്: ലോൺ ആപ്പ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യരുതെന്നും തട്ടിപ്പിന് ഇരയാകുന്നവർ 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും പോലീസിന്റെ അറിയിപ്പ്. ഇത്തരം തട്ടിപ്പ് ആപ്പുകൾ ഫോണിൽ നിന്നും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
ലോൺ ആപ്പ് ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് റൂറൽ പോലീസ് 40 കേസുകൾ രജിസ്റ്റര്‍ ചെയ്തു. നിരവധി പേർ തട്ടിപ്പിനിരയായതായി അന്വേഷണത്തിൽ കണ്ടെത്തി. വയനാട്ടിൽ ലോൺ ആപ്പ് വഴിയുള്ള ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി കുടുംബം ആത്മഹത്യ ചെയ്ത പാശ്ചാത്തലത്തിലാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്.
വടകരയിലെ ഒരു വ്യാപാരി ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനുശേഷം അഞ്ച് ശതമാനം പലിശയും സർവീസ് ചാർജും, ടാക്സും അടക്കം 40,000 രൂപ ആദ്യം വേണമെന്ന് ആവശ്യപ്പെട്ട പ്രകാരം നൽകിയിരുന്നു. പിന്നീട് ലോൺ തുക നൽകാതെ വീണ്ടും വീണ്ടും സർവീസ് ചാർജ് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി ശല്യം ചെയ്തതോടെയാണ് പരാതി നൽകിയത്.
പുതുപ്പണത്തെ ഒരു യുവതിയിൽ നിന്നും 2,12,000 രൂപയും മറ്റൊരു റിട്ട. അധ്യാപികയിൽനിന്നു ബാങ്കിൽനിന്നു വിളിക്കുന്നതാണെന്ന് പറഞ്ഞ് പാൻകാർഡ് അപ്ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒടിപി കരസ്ഥമാക്കിയ ശേഷം അക്കൗണ്ടിലെ 25,000 രൂപയും തട്ടിയെടുത്തു. ഇതേപോലെ നരിപ്പറ്റ സ്വദേശിയുടെ 40,000 രൂപയും ലോൺ ആപ് വഴി നഷ്ടപ്പെട്ടിട്ടുണ്ട്.